ന്യൂഡല്‍ഹി: ഷഫീന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹത്തിന് നിയമസാധുതയുണ്ടെന്നും ഒരുമിച്ചു ജീവിക്കുന്നതിന് തടസ്സമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹം റദ്ദാക്കിയതിനെതിരേ ഷഫീന്‍ ജഹാന്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലാണ് വിധി. ഷഫീന്‍ ജഹാനെതിരേയുള്ള എന്‍.ഐ.എ. അന്വേഷണം തുടരുന്നതിന് വിലക്കില്ല.

കഴിഞ്ഞ മേയ് 24-നാണ് ഇരുവരുടെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹോമിയോ പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്നു കാണിച്ച് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഉത്തരവ്.

'ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പരിശോധിച്ചു. ഭരണഘടനയുടെ 226-ാം വകുപ്പു പ്രകാരം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് ഷഫീനും ഹാദിയയും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കരുതായിരുന്നു. നവംബര്‍ 27-ന് ഹാദിയയില്‍നിന്ന് കോടതി നേരിട്ടു മൊഴിയെടുത്തു. തന്റെയും ഷഫീന്റെയും വിവാഹം കഴിഞ്ഞതാണെന്ന് ഹാദിയ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയാണ്. തന്റെ ഭാവി പരിപാടികള്‍ ആസൂത്രണംചെയ്യാന്‍ ഹാദിയയ്ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ട്'-വിധിയില്‍ പറയുന്നു. വിധിയുടെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് കോടതിയില്‍ വായിച്ചത്. പൂര്‍ണരൂപം പിന്നീട് പ്രസിദ്ധീകരിക്കും.

വിവാഹത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം തെളിയിക്കുന്ന അന്വേഷണറിപ്പോര്‍ട്ട് പരിഗണിക്കണമെന്നും എന്‍.ഐ.എ.യും അശോകനും വ്യാഴാഴ്ച കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണെന്നും അതു കര്‍ശനമായി സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു.

ഷഫീന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവേ, ഹാദിയയുടെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി എന്‍.ഐ.എ.യോട് ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാദിയയെ നേരിട്ടു ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും എന്‍.ഐ.എ. അന്വേഷണം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ഷഫീന്‍ ജഹാന്‍ വീണ്ടും കോടതിയെ സമീപിച്ചു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നവംബര്‍ 27-ന് ഹാജരായ ഹാദിയ, ഭര്‍ത്താവിനൊപ്പം കഴിയണമെന്നും പഠനം തുടരണമെന്നും അറിയിച്ചു. ഭര്‍ത്താവിനൊപ്പം ഹാദിയയെ വിടാന്‍ വിസമ്മതിച്ച കോടതി, സേലത്ത് പഠനത്തിനു പോകാന്‍ അനുമതി നല്‍കി. ഹാദിയയുമായി അരമണിക്കൂറോളം സംസാരിച്ചശേഷമായിരുന്നു അന്നത്തെ തീരുമാനം. ഹാദിയ നേരിട്ടു ഹാജരായി നല്‍കിയ മൊഴികളാണ് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്.