ന്യൂഡല്‍ഹി: ഗുരുവായൂര്‍ക്ഷേത്ര വികസനത്തിന് 'പ്രസാദ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ടൂറിസം മന്ത്രാലയം 46.14 കോടി രൂപ അനുവദിച്ചു. പദ്ധതി നടത്തിപ്പുചുമതലയുള്ള കേരളാ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് തുക കൈമാറി ഉത്തരവായി.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മുഖച്ഛായ മാറ്റാന്‍ പദ്ധതി സഹായിക്കുെമന്നാണ് വിലയിരുത്തല്‍. ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണത്തിന് 11.57 കോടി രൂപയും ടൂറിസ്റ്റ് അമെനിറ്റി സെന്ററിന് 3.64 കോടി രൂപയും അനുവദിച്ചു.

ബഹുനില കാര്‍പാര്‍ക്കിങ്ങിന് 23.56 കോടി രൂപയും കെട്ടിട നിര്‍മാണത്തിന് 21 കോടി രൂപയും ലിഫ്റ്റ് അടക്കമുള്ള ക്രമീകരണങ്ങളൊരുക്കാന്‍ രണ്ടുകോടിയും വകയിരുത്തി.

ക്ഷേത്രപരിസരത്ത് സി.സി.ടി.വി. സംവിധാനങ്ങളൊരുക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചു. നെറ്റ് വര്‍ക്ക് കേബിളിങ്ങിനായി 94 ലക്ഷം രൂപയും ഡേറ്റാ സെന്ററിനായി 62 ലക്ഷം രൂപയുമുണ്ട്. ക്യാമറകള്‍ക്ക് അരക്കോടി രൂപയുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി 9.22 കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറി. ആദ്യഘട്ടം പൂര്‍ത്തിയാക്കി കണക്ക് സമര്‍പ്പിച്ചാല്‍ രണ്ടാംഗഡു നല്‍കും. സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് 'പ്രസാദ്' പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഓഫീസര്‍.

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് ഫണ്ട് അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നന്ദി അറിയിച്ചു.