അഹമ്മദാബാദ്: കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന പ്രതിപക്ഷ ആവശ്യം ഗുജറാത്ത് സർക്കാർ നിരാകരിച്ചു. എന്നാൽ വരൾച്ചബാധിത മേഖലയിലെ കർഷകർക്ക് 2286 കോടി രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെപ്പോലെ കടം എഴുതിത്തള്ളില്ലെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചിരുന്നു. എന്നാൽ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. വരൾച്ചബാധിതമായി പ്രഖ്യാപിച്ച 96 താലൂക്കുകളിലെ 26 ലക്ഷം കർഷകർക്കായി 2286 കോടി രൂപയാണ് നൽകുക. ഇതിന്റെ വിതരണം രാജ്‌കോട്ടിൽ മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിവെച്ചു. ഗുണഭോക്താക്കളുടെ എണ്ണംകൂട്ടാനായി മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. ഇസ്രയേലിന്റെ സഹായത്തോടെ കടൽവെള്ളം ശുദ്ധീകരിക്കാനുള്ള അഞ്ച് പ്ളാന്റുകളും നിർമിക്കും. ഈ ജലം കൃഷിക്കും ലഭ്യമാക്കും. കർഷകർക്കുള്ള സൗജന്യ വൈദ്യുതിയുടെ അളവ് കൂട്ടി. തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽദിനങ്ങൾ 120-ൽ നിന്ന്‌ 150 ആക്കി.

ജസദൻ ഉപതിരഞ്ഞെടുപ്പിനുമുമ്പ് വൈദ്യുതി ബിൽ കുടിശ്ശിക സർക്കാർ എഴുതിത്തള്ളിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സൗരാഷ്ട്ര മേഖലയിലെ കർഷകരുടെ രോഷം ശമിപ്പിക്കുകയാണ് ബി.ജെ.പി. സർക്കാരിന്റെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെയാണ് കോൺഗ്രസ് നേട്ടമേറെ ഉണ്ടാക്കിയത്. വിജയ് രൂപാണി സർക്കാർ ചൊവ്വാഴ്ച അധികാരത്തിൽ ഒരു വർഷം പിന്നിട്ടു. 666 കോടി രൂപയുടെ പദ്ധതികൾക്ക് ഇതിന്റെ ഭാഗമായി തുടക്കമിട്ടു.