അഹമ്മദാബാദ്: ആദ്യഘട്ടത്തിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികസമര്‍പ്പണം കഴിഞ്ഞെങ്കിലും പിന്‍വലിക്കാനുള്ള ദിവസത്തിനകം സഖ്യം തുന്നിക്കെട്ടാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുന്നു. ഹര്‍ദിക് പട്ടേല്‍ വിഭാഗത്തെ അനുനയിപ്പിക്കാന്‍ അഞ്ച് സ്ഥാനാര്‍ഥികളെ മാറ്റി. എന്‍.സി.പി.യുടെ പിണക്കം നീക്കാന്‍ എ.ഐ.സി.സി. ഇടപെട്ടു.

സൂറത്ത് നഗരത്തിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നേരത്തേ പ്രഖ്യാപിച്ച നിലേഷ് കുംഭാണിയ, പ്രഫുല്‍ തൊഗാഡിയ എന്നിവരെ മാറ്റി. ഇവരെ സ്ഥാനാര്‍ഥികളാക്കിയതില്‍ പ്രതിഷേധിച്ചാണ് പട്ടേല്‍ സംവരണ സമരസമിതി(പാസ്)ക്കാര്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചത്. പകരം വസ്ത്രനിര്‍മാതാക്കളുടെ സംഘടനാനേതാവ് അശോക് ജീരാവാലയെയും പട്ടേല്‍ സമരത്തെ തുണച്ച വജ്രവ്യാപാരി ധീരു ഗജേരയെയും സ്ഥാനാര്‍ഥികളാക്കി. എന്നാല്‍, നേരത്തേ പത്രിക സമര്‍പ്പിച്ച കുംഭാണിയ അതോടെ ഇടഞ്ഞു. ജുനഗഢില്‍ അമിത് ഠുമ്മാറിന് പകരം ഭിഖാഭായ് ജോഷിയെ പ്രഖ്യാപിച്ചു. എങ്കിലും ഠുമ്മാറിന്റെ പത്രിക പിന്‍വലിക്കില്ലെന്ന വാശിയിലാണ് അനുയായികള്‍. ഭറൂച്ചിലെ സ്ഥാനാര്‍ഥിയെയും മാറ്റി. ബോത്താദില്‍ മനഹര്‍ പട്ടേലിനെ ഹാര്‍ദിക് വിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് ഡി.എം.പട്ടേലിനെ പ്രഖ്യാപിച്ചു. തങ്ങളുടെ കൂടുതല്‍ ആളുകളെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തണമെന്ന് പാസ് ആവശ്യപ്പെടുന്നു. ഉറച്ച പാര്‍ട്ടിക്കാരെയും ഇതര സമുദായങ്ങളെയും പിണക്കാതെ സഖ്യം യാഥാര്‍ഥ്യമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എന്‍.സി.പി. കച്ച് ജില്ലയിലെ റാപ്പാറില്‍ കോണ്‍ഗ്രസുകാരനായ മുന്‍മന്ത്രി ബാബു മേഘ്ജി ഷായെ സ്ഥാനാര്‍ഥിയാക്കി. എന്‍.സി.പി.യുമായി സഖ്യം തുടരാനുള്ള അവസാനനീക്കമെന്ന നിലയില്‍ എ.ഐ.സി.സി. നേതൃത്വം ജി.പി.സി.സി. അധ്യക്ഷന്‍ ഭരത്സിങ് സോളങ്കിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. ജനതാദള്‍-യു(ശരദ് യാദവ്) വിഭാഗവുമായി ധാരണയായതാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്. അഞ്ച് സീറ്റുകള്‍ നല്‍കുന്നതില്‍ ഒന്നില്‍ കോണ്‍ഗ്രസ് ചിഹ്നത്തിലാണ് ജെ.ഡി.യു. മത്സരിക്കുക. പാര്‍ട്ടി ചിഹ്നമായ അസ്ത്രം നിതീഷ് കുമാര്‍ വിഭാഗത്തിന് ലഭിച്ചതിനാല്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ പേരിലാണ് മറ്റുള്ളവര്‍ പത്രിക നല്‍കിയത്. ജെ.ഡി.യു. വര്‍ക്കിങ് പ്രസിഡന്റും ഝഗാഡിയയിലെ സ്ഥാനാര്‍ഥിയുമായ ഛോട്ടു വസാവയുടെ മകന്‍ മഹേഷ് പ്രസിഡന്റായ പാര്‍ട്ടിയാണിത്. ഈ പാര്‍ട്ടിയുടെ ഔദ്യോഗികചിഹ്നമായ 'ഓട്ടോറിക്ഷ'യായിരിക്കും ജെ.ഡി.യു.ക്കാര്‍ക്ക് ലഭിക്കുകയെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. മഹേഷ് വസാവയും സഖ്യത്തിലെ സ്ഥാനാര്‍ഥിയാണ്.

ഡിസംബര്‍ ഒമ്പതിന്റെ ആദ്യഘട്ടത്തിലേക്കുള്ള കോണ്‍ഗ്രസ് പട്ടികയില്‍ ഒ.ബി.സി.ക്കാര്‍ക്കാണ് മുന്‍തൂക്കം. പട്ടേലുമാരാണ് പിന്നീടുള്ളത്. ജൈന, മുസ്ലിം, ക്രിസ്ത്യന്‍ പങ്കാളിത്തവുമുണ്ട്. നവംബര്‍ 24-ന് പിന്‍വലിക്കാനുള്ള സമയം അവസാനിക്കുമ്പോഴേ കോണ്‍ഗ്രസ് സഖ്യത്തിന്റെ ചിത്രം വ്യക്തമാകൂ. പല മണ്ഡലങ്ങളിലും വിമതര്‍ പത്രിക നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി ഇപ്പോഴേ തര്‍ക്കങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.