അഹമ്മദാബാദ്: ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുസ്തകം എഴുതിയിട്ടുണ്ടോ..? ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ ഗുജറാത്ത് സര്‍ക്കാറിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ സാഹിത്യകാരന്‍മാരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ഭക്തയായ മീരാബായിയെയും ഇതേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാശ്വസിക്കാം.

http:www.gujaratindia.com എന്ന പോര്‍ട്ടലിലാണ് മായാവിലാസം. ഇതില്‍ ലോകത്തെ പ്രചോദിപ്പിച്ച ഗുജറാത്തികള്‍ എന്ന വിഭാഗത്തിലാണ് അബദ്ധങ്ങളുടെ പരമ്പര. ഇന്ദിരാഗാന്ധിപോലും ഭയഭക്തി ബഹുമാനങ്ങളോടെ കണ്ടിരുന്ന സൈനികമേധാവിയായിരുന്നു സാം മനേക് ഷാ. ഗുജറാത്തിലെ വല്‍സാദാണ് അദ്ദേഹത്തിന്റെ നാട്. പക്ഷേ, പോര്‍ട്ടലില്‍ മനേക് ഷാ ഒരു കായികതാരമാകുന്നു.

മറ്റൊരു സേനാമേധാവിയായിരുന്ന രാജേന്ദ്രസിങ് ജഡേജയും കായികതാരം തന്നെ. ഗുജറാത്തില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ ഗിജുഭായ് ബധേകായെ ഒരു വ്യവസായി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിക്കും വിക്രംസാരാഭായിക്കും ഏതായാലും പേരുദോഷം വരുത്തിയിട്ടില്ല. രസകരമായ വസ്തുത, ഇവരില്‍നിന്ന് ഏറ്റവും പ്രചോദനം നല്‍കിയ വ്യക്തിയെ കണ്ടെത്താന്‍ ഒരു മത്സരവും ഈ പോര്‍ട്ടല്‍ സംഘടിപ്പിക്കുന്നു എന്നതാണ്.

സര്‍ക്കാര്‍ നേരിട്ടല്ല ഈ പോര്‍ട്ടല്‍ നടത്തുന്നത് എന്ന വിശദീകരണമാണ് പൊതുഭരണവകുപ്പ് നല്‍കിയിരിക്കുന്നത്. ഒരു സ്വകാര്യ ഐ.ടി. സ്ഥാപനത്തെയാണ് അതേല്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ ദ്വാരകയില്‍വാണുവെന്ന് പുരാണംപറയുന്ന ഭഗവാന്‍ കൃഷ്ണനെ എഴുത്തുകാരനാക്കിയ ഐ.ടി. വിദഗ്ധനെ കാത്തിരിക്കുകയാണ് പോര്‍ട്ടല്‍ വായനക്കാര്‍.