അഹമ്മദാബാദ്: നിയമസഭയിലേക്ക് ശനിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബി.ജെ.പി. പ്രകടനപത്രിക പുറത്തുവിട്ടത് വെള്ളിയാഴ്ച വൈകീട്ട്.

രാജ്യത്ത് 10 ശതമാനം വളര്‍ച്ചനിരക്ക് തുടര്‍ച്ചയായി നിലനിര്‍ത്തുന്ന ഏക സംസ്ഥാനമാണ് ഗുജറാത്തെന്നും അത് തുടരുകയാണ് മുഖ്യലക്ഷ്യമെന്നും പത്രിക പ്രകാശനം ചെയ്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സ്ഥാനാര്‍ഥികളായതിനാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്നിവരുടെ പേരും പടങ്ങളും ഇല്ലാതെയാണ് പത്രിക ഇറക്കിയത്. പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചതിനാലാണിത്. പ്രകടനപത്രിക പോലും സമയത്ത് പുറത്തിറക്കാത്ത ബി.ജെ.പി. ഗുജറാത്തിനെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ലൈംഗിക സി.ഡി.കള്‍ പുറത്തിറക്കുന്ന തിരക്കിലായതിനാലാണ് ബി.ജെ.പി.യുടെ പ്രകടനപത്രിക വൈകിയതെന്ന് പട്ടേല്‍ സംവരണസമര നേതാവ് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു.

ഗുജറാത്തിലെ 182 അംഗ സഭയില്‍ 89 സീറ്റുകളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത്, കച്ച് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 977 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 2.12 കോടി വോട്ടര്‍മാര്‍ ശനിയാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും. 2012-ല്‍ ഈ സീറ്റുകളില്‍ ബി.ജെ.പി. 63-ഉം കോണ്‍ഗ്രസ് 22-ഉം സീറ്റുകള്‍ നേടിയിരുന്നു. 24,698 പോളിങ് സ്റ്റേഷനുകളിലും വോട്ടിങ് യന്ത്രത്തിനൊപ്പം വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗിക്കും. ബി.ജെ.പി. 89 സീറ്റുകളിലും മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 87 പേരെ നിര്‍ത്തിയിട്ടുണ്ട്. മറ്റ് സീറ്റുകള്‍ ജെ.ഡി.യു. (ശരദ് യാദവ്) പക്ഷത്തിന് നല്‍കി.

പട്ടേല്‍ സംവരണം, വിളകളുടെ വിലയിടിവ്, ചരക്ക്-സേവന നികുതിയുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവ കോണ്‍ഗ്രസ് പ്രചാരണവിഷയമാക്കിയപ്പോള്‍ ഗുജറാത്ത് മോഡല്‍ വികസനം, ക്രമസമാധാനം, കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ എന്നിവയായിരുന്നു ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. അവസാന ഘട്ടത്തില്‍ അയോധ്യയും രാമക്ഷേത്രവും ഗുജറാത്തിവികാരവും ചര്‍ച്ചയായി.

മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരായിരുന്നു ബി.ജെ.പി.യുടെ പ്രചാരണത്തിലെ താരങ്ങള്‍. കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയും. എന്നാല്‍ മന്‍മോഹന്‍സിങ്ങിനെ നഗരങ്ങളിലെ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ പ്രചാരണത്തിന് ഇറക്കിയത് ശ്രദ്ധിക്കപ്പെട്ടു.

രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് ഡിസംബര്‍ 14-നാണ്. 18-നാണ് വോട്ടെണ്ണല്‍.