ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായി അഭിപ്രായ സര്‍വേ. ഇരുപാര്‍ട്ടികള്‍ക്കും 43 ശതമാനം വോട്ട് വീതം ലഭിക്കുമെന്നാണ് എ.ബി.പി. ന്യൂസും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ്‌ െഡവലപ്പിങ് സൊസൈറ്റീസും ( സി.എസ്.ഡി.എസ്.) ചേര്‍ന്ന് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആകെയുള്ള 182 സീറ്റില്‍ ബി.ജെ.പി.ക്ക് 91-99 സീറ്റ് ലഭിക്കാനിടയുണ്ട്. കോണ്‍ഗ്രസിന് 78-86 സീറ്റുകളിലും വിജയം പ്രവചിക്കുന്നു.

വടക്കന്‍ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലുമുള്ള വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ മധ്യ ഗുജറാത്തിലും പട്ടിദാര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള സൗരാഷ്ട്രയിലും ബി.ജെ.പി. മുന്‍കൈ നേടും.

തെക്കന്‍ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് 11 ശതമാനം വോട്ട് അധികം നേടും. 42 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിക്കുക. 40 ശതമാനം വോട്ട് കിട്ടുന്ന ബി.ജെ.പി.ക്ക് ഒമ്പത് ശതമാനം വോട്ടിന്റെ കുറവുണ്ടാകും. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന വടക്കന്‍ ഗുജറാത്തില്‍ പാര്‍ട്ടിക്ക് 49 ശതമാനം വോട്ടും ബി.ജെ.പി.ക്ക് 45 ശതമാനം വോട്ടും പ്രവചിക്കുന്നു. ഇവിടെ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

മധ്യഗുജറാത്തില്‍ കോണ്‍ഗ്രസിന് 40 ശതമാനവും ബി.ജെ.പി.ക്ക് 41 ശതമാനവും വോട്ട് ലഭിച്ചേക്കും. ഇവിടെ ബി.ജെ.പി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 13 ശതമാനം വോട്ട് നഷ്ടമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് അധികം ലഭിക്കും.