അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ. ജ്യോതി. വോട്ടെടുപ്പ് നടക്കുന്ന 50,264 പോളിങ് ബൂത്തുകളിലും ഇതാവും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം.) ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഒരു സ്ഥാനാര്‍ഥിക്ക് തോന്നിയാല്‍ അദ്ദേഹത്തിന് റിട്ടേണിങ് ഓഫീസറോട് പരാതിപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്കാണ് അതിന് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് എം.1 ഇ.വി.എമ്മുകള്‍ ചോദിച്ചാല്‍ നല്‍കുമെന്നും, എന്നാല്‍ എം.2 ഇ.വി.എമ്മുകള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.1 ഇ.വി.എമ്മുകള്‍ 2006-നുശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപയോഗിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

182 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം 14-നുമാണ്.

എം.1, എം.2 ഇ.വി.എമ്മുകള്‍ എന്ത് ?
എം.1 അഥവാ മോഡല്‍ വണ്‍ യന്ത്രങ്ങള്‍ 2006-ലാണ് നിര്‍മിച്ചത്. ഇതില്‍ എല്ലാത്തരം സാങ്കേതിക സംവിധാനങ്ങളുമുണ്ടെങ്കിലും, ഇത് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇത് പരിശോധിക്കാനായി അതേവര്‍ഷംതന്നെ കമ്മിഷന്‍ ഇത് പരിശോധിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിച്ചു.

പുറത്തുനിന്നുള്ള സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിച്ച് ബാലറ്റ് യൂണിറ്റില്‍നിന്നും കണ്‍ട്രോള്‍ യൂണിറ്റിലേക്കുള്ള കേബിളില്‍ കൃത്രിമം കാണിക്കാമെന്ന് ഇവര്‍ കണ്ടുപിടിച്ചു. തുടര്‍ന്ന് കേബിള്‍ ഒഴിവാക്കി, രഹസ്യകോഡ് വഴി ഇരു യൂണിറ്റുകളും തമ്മില്‍ ബന്ധിപ്പിക്കാനായി മോഡല്‍ ടു (എം.2) യന്ത്രങ്ങള്‍ നിര്‍മിച്ചു.