അഹമ്മദാബാദ്: ടൈംസ് നൗ-വി.എം.ആര്‍. അഭിപ്രായസര്‍വേ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വിജയം പ്രവചിച്ചു.  ബി.ജെ.പി.ക്ക് 111 സീറ്റുകളും കോണ്‍ഗ്രസിന് 68 സീറ്റുകളുമാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെക്കാള്‍ ഏഴ് സീറ്റുകള്‍ കൂടുതല്‍ കിട്ടുമെങ്കിലും ഭരണത്തിലെത്താനാവില്ലെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. നവംബര്‍ 23-നും 30-നും ഇടയില്‍ 684 ബൂത്തുകളില്‍ 6000പേരെ അഭിമുഖം നടത്തിയാണ് പ്രവചനം തയ്യാറാക്കിയത്.

ഇന്ത്യാ ടി.വി-വി.എം.ആര്‍. സര്‍വേയും ബി.ജെ.പി.ക്ക് വിജയം പ്രവചിക്കുന്നു. ബി.ജെ.പി.ക്ക് 106-116 സീറ്റുകളും കോണ്‍ഗ്രസിന് 63-73 സീറ്റുകളുമാണ് ഇവര്‍ കണക്കാക്കുന്നത്. എ.ബി.പി. ന്യൂസ് -സി.എസ്.ഡി.എസ്. സര്‍വേയും കഴിഞ്ഞദിവസം ബി.ജെ.പി.ക്ക് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, 91-99 സീറ്റുകളുമായി കഷ്ടിച്ച് കടന്നു കൂടാനേ കഴിയുകയുള്ളൂവെന്നാണ് അവര്‍ പറയുന്നത്.

എല്ലാ സര്‍വേകളും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാകുമെന്ന് കരുതുന്നെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്നു. 182 അംഗ സഭയില്‍ 2012-ല്‍ ബി.ജെ.പി.ക്ക് 115-ഉം കോണ്‍ഗ്രസിന് 61-ഉം സീറ്റുകളാണ് കിട്ടിയത്. ഡിസംബര്‍ ഒമ്പതിനും 14-നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.