അഹമ്മദാബാദ്: വാക്സിൻ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പാക്കിയതോടെ കോവിഡ് വാക്സിൻ വിതരണത്തിൽ ഗുജറാത്ത് മുന്നേറുന്നു. ആറരക്കോടി ജനങ്ങളുള്ള ഗുജറാത്തിൽ ഇതിനകം 1.40 കോടി ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. 22 ശതമാനം പേർ വാക്സിന്റെ സംരക്ഷണത്തിലായെന്ന് സർക്കാർ പറഞ്ഞു. കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ 1.79 കോടി ഡോസ് വാക്സിൻ നൽകിയെങ്കിലും അത് ജനസംഖ്യയുടെ 18 ശതമാനമാണ്.

18 വയസ്സ് കഴിഞ്ഞവർക്ക് മേയ് ഒന്നിന് വാക്സിൻ നൽകിത്തുടങ്ങിയപ്പോൾ 60 ശതമാനം വിതരണവും ഗുജറാത്തിലായിരുന്നു. ഇത് വിമർശത്തിനിടയാക്കി. മേയ് ഒന്നുമുതൽ 15 വരെ രണ്ടരക്കോടി ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ലഭിക്കുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഇതിൽ ഒന്നരക്കോടി കമ്പനികളിൽനിന്ന് നേരിട്ടുവാങ്ങുന്നതും ഒരു കോടി കേന്ദ്രം നൽകുന്നതുമാണ്.

ബനസ്കന്ധ ജില്ലയിൽ 45-നുമേൽ പ്രായമുള്ള 98 ശതമാനം പേർക്കും വാക്സിന്റെ ഒന്നാംഡോസ് നൽകി.

ഓക്സിജൻ കിടക്കകളുടെ അഭാവം പരിഹരിക്കാൻ 900 കിടക്കകളുള്ള ആശുപത്രി അമിത് ഷായുടെ ഇടപെടൽമൂലം അഹമ്മദാബാദിൽ ആരംഭിച്ചിരുന്നു. ഇവിടേക്കുള്ള ഡോക്ടർമാരെയും നഴ്‌സുമാരെയും സി.ആർ.പി.എഫും നാവികസേനയുമാണ് നൽകിയത്. എന്നിട്ടും 500 കിടക്കകളേ ഉപയോഗിക്കാനാവുന്നുള്ളൂ. അഹമ്മദാബാദിലും സൂറത്തിലും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയെങ്കിലും ഗ്രാമങ്ങളിലേക്ക് കോവിഡ് വ്യാപിക്കുകയാണ്.

content highlights: gujarat vaccinates 22% people