ന്യൂഡല്‍ഹി: മാസംതോറും വര്‍ധിപ്പിക്കാറുള്ള പാചകവാതകവില ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഡിസംബറില്‍ വര്‍ധിപ്പിച്ചില്ല. കഴിഞ്ഞ 17 മാസത്തിനിടെ 19 തവണയായി 76.51 രൂപ വില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ഒഴിവാക്കല്‍. പൊതുമേഖലാസ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി.), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍.), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍.) എന്നിവ കഴിഞ്ഞ ജൂലായ് മുതല്‍ എല്ലാമാസവും ഒന്നാംതീയതി പാചകവാതക വില വര്‍ധിപ്പിച്ചുവരികയാണ്.

അടുത്തവര്‍ഷത്തോടെ ഇന്ധനത്തിനുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാമാസവും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരാണോ എണ്ണക്കമ്പനികളോട് ഈ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

നവംബര്‍ ഒന്നിന് നാലര രൂപ വര്‍ധിപ്പിച്ച് 495.69 രൂപയാക്കിയതാണ് ഒടുവിലത്തെ വര്‍ധന.