പാലന്‍പുര്‍ (ഗുജറാത്ത്): കോണ്‍ഗ്രസിനെതിരേ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഗുജറാത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്നും പാക് നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നും മോദി ആരോപിച്ചു. പാലന്‍പുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍പ്പോയി അവിടെയുള്ള നേതാക്കളെ കണ്ടതില്‍ വിശദീകരണം വേണമെന്ന് അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞ പാക് സൈന്യത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.) സര്‍ദാര്‍ അര്‍ഷാദ് റഫീക്കിന്റെ പ്രസ്താവനയെക്കുറിച്ചും മോദി ചോദ്യങ്ങളുന്നയിച്ചു. 'പാക് നേതാക്കളെ കണ്ടതിന് ഒരുദിവസത്തിനുശേഷമാണ് അയ്യര്‍ എന്നെ നീചനെന്ന് വിളിച്ചത്. അയ്യരുടെ വീട്ടില്‍നടന്ന ആ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ ആ യോഗത്തില്‍ പങ്കെടുത്തു. മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച തുടര്‍ന്നു'- മോദി ആരോപിച്ചു.

ഒരുവശത്ത് പാക് മുന്‍ ഡി.ജി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇടപെടുന്നു. മറ്റൊരുവശത്ത് പാകിസ്താനികള്‍ അയ്യരുടെ വീട്ടില്‍ യോഗം നടത്തുന്നു. അതിന്റെ തൊട്ടടുത്തദിവസം ഗുജറാത്തിലെ പിന്നാക്ക സമുദായങ്ങളും ദരിദ്രരും താനും അവഹേളിക്കപ്പെടുന്നു. ഇവ സംശയങ്ങളുയര്‍ത്തില്ലേയെന്ന് മോദി ചോദിച്ചു.

തന്നെ ഇല്ലാതാക്കാന്‍ അയ്യര്‍ പാകിസ്താനില്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരാരോപണവും മോദി അയ്യര്‍ക്കെതിരേ ഉന്നയിച്ചിരുന്നു.

മോദിയെ നീചനെന്ന് വിളിച്ചതിന് മണി ശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് സസ്!പെന്‍ഡ് ചെയ്തിരുന്നു.