അഹമ്മദാബാദ്: സംസ്ഥാന നേതാക്കളുടെ രൂക്ഷമായ എതിർപ്പിനെത്തുടർന്ന് ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭാ രൂപവത്‌കരണം നീട്ടി. ബുധനാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ നടത്തിയെങ്കിലും ഭിന്നത കാരണം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.

മുഖ്യമന്ത്രി മാത്രമാണ് തിങ്കളാഴ്ച ചുമതലയേറ്റിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബി.ജെ.പി. ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. എന്നാൽ അത് വൈകിയതോടെയാണ് ഭിന്നത പുറത്തറിഞ്ഞത്. പഴയ രൂപാണി മന്ത്രിസഭയിലെ 23 അംഗങ്ങളിൽ ഭൂരിപക്ഷത്തെയും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരാനായിരുന്നു പദ്ധതി. ഇതോടെ മുതിർന്ന മന്ത്രിമാർ കലാപക്കൊടി ഉയർത്തി. ഏതാനും പേർ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വീട്ടിലെത്തി യോഗം ചേർന്നു. നിതിൻ പട്ടേൽ, ഭൂപേന്ദ്രസിങ് ചുഡാസമ, കൗശിക് പട്ടേൽ തുടങ്ങിയ മുതിർന്ന മുൻ മന്ത്രിമാരുമായി പാർട്ടി നേതൃത്വത്തിന്റെ ചർച്ചകൾ നീണ്ടുപോയി. നിതിൻ പട്ടേലിനെ മന്ത്രിസഭയിൽ പെടുത്തിയാലും ഉപമുഖ്യമന്ത്രിയാക്കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയും പട്ടേൽ സമുദായക്കാരനായതിനാലാണിത്.

മുഖ്യമന്ത്രി പുതുമുഖമായതിനാൽ മന്ത്രിമാരും പുതുമുഖങ്ങളാകുന്നത് മൂപ്പിളമ പ്രശ്നങ്ങൾ ഒഴിവാക്കാനും മന്ത്രിസഭയ്ക്ക് പുതുക്കം നൽകാനും ഉപകരിക്കുമെന്നാണ് നേതൃത്വം കണക്കു കൂട്ടുന്നത്. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവരാണ് ചർച്ചകൾ നടത്തുന്നത്. എം.എൽ.എ.മാരോടെല്ലാം ഗാന്ധിനഗറിൽ ബുധനാഴ്ച എത്താൻ ആവശ്യപ്പെട്ടിരുന്നു. ധാരണയാകാത്തതിനാൽ സത്യപ്രതിജ്ഞ വൈകീട്ട് അഞ്ചു മണിയോടെ നടക്കുമെന്ന് അറിയിച്ചു. രാജ്ഭവനുമുന്നിൽ ബാനറുകളും മറ്റും വെക്കുകയും ചെയ്തു. എന്നാൽ ഇവയൊക്കെ പിന്നീട് അഴിച്ചുമാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് സത്യപ്രതിജ്ഞയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒടുവിൽ അറിയിച്ചത്. എന്നാൽ മന്ത്രിമാരുടെ പേരുകൾ പുറത്തുവിട്ടിട്ടുമില്ല. 22 പേരെങ്കിലും ചുമതലയേൽക്കുമെന്നാണ് സൂചന.

പഴയ മന്ത്രിമാർക്കുവേണ്ടി അനുയായികളുടെ പ്രകടനങ്ങളും പലയിടത്തും നടന്നു. കോൺഗ്രസ് വിട്ടുവന്ന് മന്ത്രിയായ കുംവർജി ബാവലിയാക്കു വേണ്ടി കോലി സമാജം പ്രവർത്തകർ തെരുവിലിറങ്ങി. മന്ത്രി ദിലീപ് ഠാക്കോറിന്റെ അനുയായികൾ പാട്ടണിൽ പ്രകടനം നടത്തി.