ഗാന്ധിനഗര്‍: ഗുജറാത്തിൽ പശുവിനുള്ള ‘വിശുദ്ധപദവി’ ആടിലേക്കും നീങ്ങുന്നു. ബക്രീദ് പ്രമാണിച്ച് ബലിക്കായി ആടുകളെ വിൽക്കാനുള്ള ആനന്ദിലെ കാർഷിക സർവകലാശാലയുടെ നീക്കം മൃഗസ്നേഹികൾ തടഞ്ഞു. വകുപ്പ് തലവന് മാപ്പു പറയേണ്ടിയും വന്നു.

കച്ചിലെ ടൂണാ തുറമുഖത്തുനിന്നും ആടുകളെ ഗൾഫിലേക്ക് കയറ്റിയയക്കുന്നത് മൃഗസ്നേഹികൾ തടഞ്ഞതിന് പിന്നാലെയാണ് സർവകലാശാലയും പുലിവാൽ പിടിച്ചത്. ലൈവ്‌സ്റ്റോക്ക് വിഭാഗം മേധാവി ഡോ. കിഷൻ വധ്വാനി ബക്രീദിനായി മികച്ചയിനം ആടുകളെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്തിരുന്നു. ലൈവ്‌സ്റ്റോക്ക് ഫാമിലെ മൃഗങ്ങളെ വിറ്റ് വകുപ്പ് അതിന്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തണമെന്ന് ഐ.സി.എ.ആർ. നിർദേശമുണ്ട്. ഇതനുസരിച്ചാണ് താൻ പരസ്യംചെയ്തതെന്ന് വധ്വാനി പറയുന്നു.

പക്ഷേ, മൃഗസ്നേഹികൾ പരാതിയുമായി എത്തിയപ്പോൾ സർവകലാശാല പിന്തിരിഞ്ഞു. ആടിനെ വളർത്താൻ മാത്രമേ നൽകാവൂ എന്നാണ് ചട്ടമെന്ന് പറഞ്ഞതോടെ വധ്വാനി വൈസ് ചാൻസലർക്ക് മാപ്പപേക്ഷ നൽകി. നടത്തിയ വിൽപ്പനകളും റദ്ദാക്കി. അധികമുള്ള ആടുകളെ ഗോശാലയിലേക്ക് അയക്കാനാണ് സർക്കാരിന്റെ നിർദേശം.

ബക്രീദിന് ഗൾഫിലേക്കുള്ള ആട് കയറ്റുമതി തടഞ്ഞതിനാൽ വടക്കൻ ഗുജറാത്തിൽ 40,000 കർഷകരുടെ വരുമാനം മുട്ടിയിരിക്കുകയാണ്. ഗോവധം നിരോധിച്ചിട്ടുണ്ടെങ്കിലും ആടിനെ കശാപ്പുചെയ്യുന്നത് ഗുജറാത്തിൽ നിയമവിരുദ്ധമല്ല. പക്ഷേ, ബക്രീദുപോലെ ആട്ടിറച്ചിക്ക് ചെലവേറുന്ന സമയത്ത് വ്യാപാരത്തിന് നിയന്ത്രണങ്ങൾ കൂടുകയാണ്.

തെരുവുപശുക്കൾ മനുഷ്യർക്ക് ഭീഷണിയാകുന്നത് ഈയിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. റോഡിലുള്ള എല്ലാ പശുക്കളുടെയും കഴുത്തിൽ ഉടമയുടെ പേരുള്ള തിരിച്ചറിയൽ കാർഡ് തൂക്കണമെന്ന് കോടതി നിർദേശിച്ചു. സൂറത്ത് നഗരത്തിലെ അമ്രോളിയിൽ വിരണ്ടോടിയ ഒരു പശുവിനെ പിടിക്കാൻ ശ്രമിച്ച കോർപ്പറേഷൻ ജീവനക്കാരെ റബാറി സമുദായക്കാർ ആക്രമിച്ചു. പശുവിനെ ഇടാനുള്ള കൂട്ടിൽ ഒരു മണിക്കൂറോളം ജീവനക്കാരെ തടഞ്ഞുവെച്ചു. പോലീസെത്തിയാണ് മോചിപ്പിച്ചത്. പോലീസ് സംരക്ഷണമില്ലാതെ പശുവിനെ പിടിക്കാൻ പോകില്ലെന്ന് ജീവനക്കാരും വ്യക്തമാക്കി.