അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി.യുടെ അവസാന വാക്കെന്ന അമിത് ഷായുടെ പ്രഭാവത്തിന് പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വരവോടെ മങ്ങലേറ്റു. അമിത് ഷായുടെ ഇടപെടലിനെത്തുടർന്ന് 2016-ൽ രാജിവെച്ച ആനന്ദിബെൻ പട്ടേലിന്റെ ഉറ്റ അനുയായിയാണ് ഭൂപേന്ദ്ര.

തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്രമോദിക്കും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ ശേഷം ആനന്ദിബെന്നിനെ കൂടി ഓർമിക്കാൻ ഭൂപേന്ദ്ര മറന്നില്ല. “മുൻ മുഖ്യമന്ത്രിയും ഉത്തർപ്രദേശ് ഗവർണറുമായ ആനന്ദിബെന്നിന്റെ അനുഗ്രഹം എനിക്കെപ്പോഴുമുണ്ട്...” എന്നായിരുന്നു വാക്കുകൾ. 2012-ൽ ഘാട്ട്‌ലോഡിയയിൽ ആനന്ദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ഭൂപേന്ദ്രയാണ്. 2014-ൽ മുഖ്യമന്ത്രിയായപ്പോൾ സമ്പന്നമായ അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനായി തന്റെ അനുയായിയെ അവർ നിയോഗിച്ചു.

പട്ടേൽ സമരം, ദളിത് പ്രക്ഷോഭം തുടങ്ങിയവയിൽ വലഞ്ഞ ആനന്ദിബെന്നിനെ മാറ്റാനുള്ള നീക്കം പാർട്ടി അധ്യക്ഷനായ അമിത് ഷായാണ് തുടങ്ങിയത്. പകരം നിതിൻ പട്ടേലിന്റെ പേരാണ് അവർ മുന്നോട്ടുവെച്ചത്. അവസാന നിമിഷം വിജയ് രൂപാണിയെ അമിത് ഷാ നിർദേശിച്ചത് ആനന്ദിബെന്നിനെ ഞെട്ടിച്ചു. ഇക്കാര്യത്തിൽ ഷായ്ക്ക് മോദി പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ ഭൂപേന്ദ്രയെ മത്സരിപ്പിക്കണമെന്നത് ആനന്ദിബെന്നിന്റെ നിർദേശമായിരുന്നു. ഷായുടെ പക്ഷക്കാർ ബിപിൻ പട്ടേലിന്റെ പേരുമായി വന്നെങ്കിലും ഭൂപേന്ദ്രയ്ക്കാണ് നറുക്ക് വീണത്.

അഞ്ചുവർഷം കഴിഞ്ഞപ്പോൾ അതേ വിജയ് രൂപാണിയെ മാറ്റിയിട്ട് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കുമ്പോൾ അമിത് ഷാ കളത്തിലില്ല. സെപ്റ്റംബർ ആദ്യവാരം കെവാഡിയയിൽ നടന്ന സംസ്ഥാന എക്സിക്യുട്ടീവിലും ഷാ സംബന്ധിച്ചില്ല. പാർലമെന്ററി ബോർഡിൽനിന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് എത്തിയത്. ഞായറാഴ്ചത്തെ നിയമസഭാ കക്ഷിയോഗത്തിലും നഡ്ഡ നിയോഗിച്ച നിരീക്ഷകരാണ് ഉണ്ടായിരുന്നത്.

ആനന്ദിബെൻ ഇപ്പോൾ ഗുജറാത്ത് രാഷ്ട്രീയത്തിൽ അപ്രസക്തയാണെങ്കിലും അവരോടുള്ള ഒരു പ്രായശ്ചിത്തം പോലെയായി ഭൂപേന്ദ്രയുടെ തിരഞ്ഞെടുപ്പ്. അതോടൊപ്പം അടുത്ത മുഖ്യമന്ത്രി പട്ടേലാകണമെന്ന് ആവശ്യപ്പെട്ട പ്രബല സമുദായത്തിന്റെ പിന്തുണയും ഉറപ്പാക്കി. മന്ത്രിമാരിൽ ഏറ്റവും സീനിയറായിട്ടും ഇക്കുറിയും നിതിൻ പട്ടേലിൽനിന്ന് മുഖ്യമന്ത്രി പദം അകന്നു നിന്നു. അദ്ദേഹം പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി തുടരുമോയെന്നും വ്യക്തമല്ല.