ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജി.എസ്.ടി.) പരിധിയിൽ ഉൾപ്പെടുത്തിയാൽ പെട്രോളിനും ഡീസലിനും വില കുറയുമെങ്കിൽ എന്തുകൊണ്ട് പാചകവാതകത്തിന് വില കുറഞ്ഞില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇന്ധനവിലയെച്ചൊല്ലി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും അതിനുപിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ ചെലവുചുരുക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പെട്രോളും ഡീസലും ജി.എസ്.ടി.യിൽ വന്നാൽ പ്രത്യേകമായി ഒരു ഗുണവുമില്ല. അവയ്ക്കു വില കുറയണമെങ്കിൽ കേന്ദ്രം ഇപ്പോൾ പിരിച്ചെടുക്കുന്ന സെസ് നിർത്തണം. ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയുമാണ് സെസ്. ഇതിനുപുറമേ, കാർഷിക സെസായി നാലുരൂപ വേറെയും പിരിക്കുന്നു. ഇന്ധനവില കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ സെസ് ഒഴിവാക്കിയാൽ മതിയെന്നാണ് ജി.എസ്.ടി. കൗൺസിലിൽ സംസ്ഥാനങ്ങൾ പറഞ്ഞതെന്നും ബാലഗോപാൽ വ്യക്തമാക്കി.

പാചകവാതകത്തിന് ഇപ്പോൾ അഞ്ചുശതമാനമാണ് ജി.എസ്.ടി. ഇതിനകം പാചകവാതകത്തിന് 100-150 ശതമാനം വില കൂടി. അങ്ങനെയിരിക്കേ, ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന വാദത്തിന് എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇന്ധനത്തിനുള്ള സംസ്ഥാന നികുതി യു.ഡി.എഫിന്റെ കാലത്തെക്കാൾ ഇടതുസർക്കാർ കുറച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. കേന്ദ്രസർക്കാരിന്റെ സെസ് വന്നതോടെയാണ് ഇന്ധനവില കുതിച്ചുയരാൻ തുടങ്ങിയതെന്നും ധനമന്ത്രി പറഞ്ഞു.