ന്യൂഡൽഹി: പെട്രോളിയം ഉത്‌പന്നങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തുന്ന വിഷയം ചർച്ചയ്ക്കെടുക്കാൻ കേന്ദ്രസർക്കാർ നീക്കം. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ച് വിഷയം 17-ന്‌ ലഖ്നൗവിൽ ചേരുന്ന ജി.എസ്.ടി. കൗൺസിലിന്റെ അജൻഡയിൽ വരും.

പെട്രോൾ, ഡീസൽ, പാചകവാതകം, വിമാന ഇന്ധനം തുടങ്ങിയവ ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കടുത്ത എതിർപ്പുള്ള സാഹചര്യത്തിലും നികുതിവരുമാനം കുറയുമെന്ന ആശങ്ക വിവിധ സംസ്ഥാനങ്ങൾക്കുള്ളതിനാലും ജി.എസ്.ടി. കൗൺസിൽ ഉടനടി തീരുമാനമെടുക്കുമോയെന്നു വ്യക്തമല്ല. അതേസമയം, ജി.എസ്.ടി. ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ഇതു സംബന്ധിച്ച ഹർജിയിൽ ജൂണിൽ ഹൈക്കോടതിയുടെ നിർദേശം. ഇതിനെത്തുടർന്നാണ് വിഷയം കൗൺസിലിന്റെ അജൻഡയിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

2019-20ൽ 5.55 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്‌പന്നങ്ങൾ വഴി ലഭിച്ച കേന്ദ്ര-സംസ്ഥാന നികുതി വരുമാനം. ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നവയാണ് പെട്രോളും ഡീസലും. ഇതിൽ ഏകീകൃത ജി.എസ്.ടി. നടപ്പാക്കിയാൽ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്ക. ജി.എസ്.ടി. നടപ്പാക്കിയ ശേഷം ഇതിനകംതന്നെ വിഹിതം വൻതോതിൽ കുറയുകയും സാമ്പത്തികമാന്ദ്യം അനുഭവപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേരളസർക്കാർ ഒരു തരത്തിലും ഈ തീരുമാനത്തെ അംഗീകരിക്കില്ല.

2020-21 സാമ്പത്തികവർഷം 3,71,726 കോടി രൂപയുടെ കേന്ദ്ര എക്സൈസ് വരുമാനം പെട്രോളിയം മേഖലയിൽനിന്ന്‌ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. വാറ്റും സംസ്ഥാന ലെവികളുമായി 2,02,937 കോടി രൂപയുടേതാണ് വരുമാനം. കൗൺസിലിൽ ചർച്ചയ്ക്കെടുക്കുമെങ്കിലും പെട്രോളിയം ഉത്‌പന്നങ്ങൾ ഒറ്റയടിക്ക്‌ ജി.എസ്.ടി.യിൽ കൊണ്ടുവരുന്നത് പ്രായോഗികമായി കഴിയില്ലെന്ന് ധനമന്ത്രാലയത്തിലെ പ്രമുഖൻ അഭിപ്രായപ്പെട്ടു.