മുംബൈ: ചരക്കു-സേവന നികുതി (ജി.എസ്.ടി.) യുടെ പ്രചാരണപ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറണമെന്ന് നടന്‍ അമിതാഭ് ബച്ചനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജി.എസ്.ടി. നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍കാരണം വ്യാപാരിസമൂഹം ബച്ചനെതിരെ തിരിയുമെന്നും ബച്ചന്റെ പ്രതിച്ഛായ തകരുമെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

ജി.എസ്.ടി.യുടെ ബ്രാന്‍ഡ് അംബാസഡറായി ബച്ചനെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് നിയമിച്ചിരിക്കുന്നത്. ബച്ചനെ വെച്ച് 40 സെക്കന്‍ഡുള്ള പ്രചാരണ വീഡിയോ നിര്‍മിക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായെത്തുന്നത്.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മികച്ച ആശയമായിരുന്നു ജി.എസ്.ടി. എന്ന് നിരുപം പറഞ്ഞു. രാജ്യംമുഴുവന്‍ ഒരേ നികുതി നടപ്പാക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ആശയം. എന്നാല്‍ നാലുതട്ടിലുള്ള നികുതികളുമായി ആകെ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തത്.

ബി.ജെ.പി.യുടെ ഈ അസംബന്ധത്തിന്റെ പ്രചാരകനാവാന്‍ ബച്ചന്‍ വരരുതെന്നാണ് അദ്ദേഹത്തിന്റെ ആരാധകന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായമെന്ന് നിരുപം പറഞ്ഞു.