ന്യൂഡല്‍ഹി : നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു. മൂന്നുമാസത്തിനകം മുന്‍കാല പ്രാബല്യത്തോടെ നിരുപാധികം പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കണം. കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 56 റീജണല്‍ റൂറല്‍ ബാങ്കുകളിലെ ഒരു ലക്ഷത്തിലേറെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഗുണകരമാണു വിധി.

വാണിജ്യ ബാങ്കുകളിലേതിനു തുല്യമായ പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ 2012-ല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിയുണ്ടായത്.

ബാങ്ക് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആറോളം സംഘടനകള്‍ എതിര്‍കക്ഷിയായ കേസ് ഏറെക്കാലം ഇഴഞ്ഞുനീങ്ങിയതിനു ശേഷമാണ് ബുധനാഴ്ച വിധി വന്നത്. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് രൂപവത്കരിച്ച ജസ്റ്റിസ് ഒബുള്‍ റെഡ്ഡി ട്രിബ്യൂണലിന്റെ വിധി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ, 1991 മുതല്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ ബാങ്കിന്റേതിനു (വാണിജ്യബാങ്ക്) തുല്യമായ ശമ്പളം ലഭിച്ചുവരുന്നുണ്ട്.

എന്നാല്‍ വാണിജ്യബാങ്ക് ജീവനക്കാര്‍ക്ക് 1993 മുതല്‍ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങിയെങ്കിലും ഈ ആനുകൂല്യം ഗ്രാമീണ്‍ ബാങ്കുകാര്‍ക്ക് കിട്ടിയില്ല. വാണിജ്യബാങ്കിനു തുല്യമായ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി അനുകൂല ഉത്തരവിറക്കി. വാണിജ്യ ബാങ്കുകളിലേതിനു തുല്യമായ ശമ്പളം ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്നും അതിനാല്‍ പെന്‍ഷനും തത്തുല്യമായി അനുവദിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സമാനമായ കേസില്‍ കര്‍ണാടക ഹൈക്കോടതിയും ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കി. എന്നാല്‍, 1995-ലെ പെന്‍ഷന്‍ റെഗുലേഷന്‍ പ്രകാരം ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. രാജീവ് പറഞ്ഞു.