ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചനിരക്ക് മെച്ചപ്പെടുത്താൻ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കപ്പുറം എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതുചെയ്യുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ‘ബജറ്റും അതിനുപരിയും’ എന്ന വിഷയത്തിൽ ധനകാര്യമേഖലയിലെ വിദഗ്ധരുമായി നടത്തിയ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോഗം കൂട്ടാനും ജനങ്ങളുടെ കൈയിൽ കൂടുതൽ പണമെത്തിക്കാനും വിപണിയിൽ പണലഭ്യത ഉയർത്താനും നടപടിവേണമെന്നതടക്കം ഇപ്പോഴത്തെ മാന്ദ്യം നീക്കാനുള്ള ഒട്ടേറെ നിർദേശങ്ങൾ യോഗത്തിലുയർന്നു. രാജ്യത്തിന്റെ വളർച്ചനിരക്ക് ജി.ഡി.പി.യുടെ അഞ്ചുശതമാനമായി നടപ്പുസാമ്പത്തികവർഷം താഴ്‌ന്ന പശ്ചാത്തലത്തിലാണിത്. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യോഗത്തിലുയർന്ന നിർദേശങ്ങൾ മന്ത്രാലയം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വളർച്ചനിരക്ക് മെച്ചപ്പെടുത്താൻ ഒട്ടേറെ നിർദേശങ്ങൾ ഈ മാസം അവതരിപ്പിച്ച ബജറ്റിൽ മന്ത്രി മുന്നോട്ടുവെച്ചിരുന്നു. പ്രത്യക്ഷനികുതി തർക്കങ്ങൾ പരിഹരിക്കാനുള്ള ‘വിവാദ് സെ വിശ്വാസ്’ പദ്ധതി ഇതിൽ പ്രധാനമാണ്. ഇതിന്റെ വിശദാംശങ്ങൾ മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറും സി.ഇ.ഒ. അമിതാഭ് കാന്തും ധനമന്ത്രാലയത്തിലെ ഉന്നതോേദ്യാഗസ്ഥരും പങ്കെടുത്തു. നേരത്തേ, ചെന്നൈയിലും കൊൽക്കത്തയിലും മുംബൈയിലും സമാനമായ യോഗങ്ങളിൽ ധനമന്ത്രി പങ്കെടുത്തിരുന്നു.

content highlights; Govt willing to do more beyond Budget to boost growth: Nirmala Sitharaman