ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് ബജറ്റിൽ തിരിച്ചടി. പ്രവാസികൾ അവിടെ നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടിവരും.

ഇതിനായി വിദേശ ഇന്ത്യക്കാരുടെ(നോൺ റെസിഡന്റ് ഇന്ത്യൻസ്)നിർവചനത്തിൽ മാറ്റംവരുത്തി. ഒരു വർഷം 240 ദിവസത്തിലധികം വിദേശത്തു താമസിക്കുന്ന വ്യക്തിയെ മാത്രമേ വിദേശ ഇന്ത്യക്കാരനായി കണക്കാക്കൂ. നിലവിൽ 182 ദിവസം വിദേശത്തുതാമസിക്കുന്നവർക്ക് എൻ.ആർ.ഐ. ആനുകൂല്യം ലഭിക്കുന്നുണ്ട്.

ശനിയാഴ്ച ആദായനികുതി നിയമത്തിൽ വരുത്തിയ മാറ്റത്തോടെ, വിദേശ ഇന്ത്യക്കാരനാവണമെങ്കിൽ 240 ദിവസം അവിടെ കഴിയണമെന്ന റവന്യൂ സെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ പറഞ്ഞു. എങ്കിൽ മാത്രമേ ആദായനികുതി ഇളവ് ലഭിക്കൂ. ഇന്ത്യയിലുള്ളവർക്ക് ബാധകമായ ആദായനികുതി സ്ലാബുതന്നെ എൻ.ആർ.ഐ. കൾക്ക് ബാധകമാകും. നികുതി ഇളവിനായി കൂടുതൽദിവസം വിദേശത്തു താമസിക്കുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാവും.

Content Highlights: NRIs Not Paying Tax Abroad To Be Taxed In India