ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാക്കേസിലെ ന്യൂനപക്ഷവിധി വായിച്ചുനോക്കാൻ േകന്ദ്രസർക്കാരിനോട് പറയണമെന്ന് സോളിസിറ്റർ ജനറലിനോട് സുപ്രീംകോടതി ജസ്റ്റിസ് ആർ.എഫ്. നരിമാൻ.

അതിപ്രാധാന്യമുള്ളതാണ് വിയോജനവിധിയെന്നും വെള്ളിയാഴ്ച ഡി.കെ. ശിവകുമാറിന്റെ ജാമ്യം ചോദ്യംചെയ്തുകൊണ്ടുള്ള കേസിന്റെ വാദത്തിനിടെ ജസ്റ്റിസ് നരിമാൻ പറഞ്ഞു. ‘നിങ്ങളുടെ സർക്കാരിനോട് പറയൂ’ എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് നരിമാൻ നിർദേശിച്ചത്. കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ജാമ്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് നരിമാന്റെ പരാമർശം.

ശബരിമലയിൽ സ്ത്രീപ്രവേശനവിധി നടപ്പാക്കുകതന്നെ വേണമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും വിയോജനവിധിയെഴുതിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ചിൽ മൂന്നുപേർ ഭൂരിപക്ഷവിധിക്കൊപ്പം നിന്നു. പുനഃപരിശോധനാഹർജികൾ പിന്നീട് പരിഗണിക്കാനും അവയിലെ നിയമപരമായ വിഷയങ്ങൾ വിശാലബെഞ്ചിന് വിടാനുമായിരുന്നു ഭൂരിപക്ഷവിധി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എഴുതിയ ഭൂരിപക്ഷവിധിയെ അതിശക്തമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് നരിമാൻ എഴുതിയ വിയോജനവിധി തുടങ്ങുന്നത്. ശബരിമല വിഷയമാണ് നമ്മൾ പരിഗണിക്കുന്നതെന്നും മറ്റുബെഞ്ചുകൾക്കുമുന്നിലുള്ള വിഷയത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും നരിമാന്റെ വിധിന്യായം വ്യക്തമാക്കി.