ന്യൂഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സയ്ക്ക് റെംഡെസിവിർ മരുന്ന് ഉപയോഗിക്കരുതെന്നും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടെന്നും കേന്ദ്രസർക്കാർ. കുട്ടികളിലെ ചികിത്സ സംബന്ധിച്ച് ഇതുൾപ്പെടെ നിർദേശങ്ങളടങ്ങിയ മാർഗരേഖ ഡയറക്ടറേറ്റ് ജനറൽ മെഡിസിൻ ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ പുറത്തിറക്കി.

ആറുവയസ്സുമുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടർമാരുടെ നിർദേശപ്രകാരവും മാസ്‌ക് ധരിക്കാം. 12 വയസ്സിനുമുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ റെംഡെസിവിർ ഉപയോഗിക്കരുത്. സി.ടി. സ്കാൻ പരിശോധന ഇവരിൽ യുക്തിപൂർവമേ നടത്താവൂ. ചെറിയതോതിൽ ലക്ഷണങ്ങളുള്ളവർക്ക് പാരസെറ്റമോൾ 15 മില്ലിഗ്രാം 4-6 മണിക്കൂറിൽ നൽകാം. പ്രായംകൂടിയ കുട്ടികളിൽ ചുമയ്ക്ക് തൊണ്ടയ്ക്ക് ആസ്വാസംനൽകുന്ന മരുന്നുകളോ ഉപ്പിട്ട ഇളം ചൂടുവെള്ളമുപയോഗിച്ച് തൊണ്ട കഴുകുകയോ ആവാം.

മറ്റു നിർദേശങ്ങൾ

* ചെറിയ ലക്ഷണങ്ങളുള്ള കേസുകളിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കരുത്. ഗുരുതര കേസുകളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചാൽ ഡോക്ടർമാരുടെ അതീവനിരീക്ഷണത്തിലേ ഇവ നൽകാവൂ. ഇതിന്റെ അളവും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

* പതിനെട്ടുവയസ്സിൽ താഴെയുള്ളവരിൽ റെംഡെസിവിർ ഉപയോഗത്തിന് പാർശ്വഫലങ്ങളുണ്ടോ എന്നതിൽ പഠനം നടക്കുന്നതേയുള്ളൂ എന്നതിനാൽ അവ നൽകേണ്ടതില്ല.

* ആന്റി കൊയാഗുലന്റുകൾ നിർദിഷ്ട അളവിൽ രോഗതീവ്രത മനസ്സിലാക്കിയേ നൽകാവൂ. ആന്റി മൈക്രോബിയലുകൾക്ക് കോവിഡ് ചികിത്സയിൽ സ്ഥാനമില്ല.

* ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനശേഷി മനസ്സിലാക്കാൻ 12 വയസ്സിനു മുകളിലുള്ള കുട്ടികളിൽ ആറുമിനിറ്റ് നടത്തപരീക്ഷണം ചെയ്യാം. ഈ സമയം പൾസ് ഓക്‌സിമീറ്റർ കൈയിൽ പിടിപ്പിക്കണം. രക്ഷിതാക്കളുടെ സാന്നിധ്യത്തിലേ ഇതു നടത്താവൂ.