ന്യൂഡൽഹി: ഇന്ത്യയിലെ 9,27,606 കുട്ടികൾ അതികഠിനമായ പോഷകാഹാരക്കുറവ് (എസ്.എ.എം.) അനുഭവിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രേഖ. വാർത്താഏജൻസിയായ പി.ടി.ഐ.ക്ക് കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരം.

ഉത്തർപ്രദേശിലാണ് അതികഠിനമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾ ഏറ്റവുമധികം- 3,98,359. രണ്ടാംസ്ഥാനത്ത് ബിഹാർ -2,79,427. കേരളത്തിൽ 6,188 കുട്ടികൾ അതികഠിനമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. രാജ്യത്തെ 10 ലക്ഷം അങ്കണവാടികളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

ഉയരത്തിനനുസരിച്ച തൂക്കമില്ലാതിരിക്കുക, കൈമുട്ടുമുതൽ തോൾവരെയുള്ള ഭാഗത്തിന്റെ വണ്ണം 115 മില്ലിമീറ്ററിൽ കുറവാകുക, പോഷകാഹാരം ഇല്ലാത്തതിനാലുള്ള നീർക്കെട്ട് എന്നിവയിലേതെങ്കിലുമുണ്ടെങ്കിലാണ് എസ്.എ.എമ്മായി കണക്കാക്കുക.

കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദങ്ങൾ ശരിയാണെങ്കിൽ പോഷകാഹാരക്കുറവ് അതിന് ഒരു കാരണമാകാമെന്ന് സന്നദ്ധസംഘടനയായ റൈസ് എഗെൻസ്റ്റ് ഹങ്കർ ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ഡോല മൊഹാപാത്ര പറഞ്ഞു.