ന്യൂഡൽഹി: വെള്ളിയാഴ്ച ഡൽഹിയിലെ പാക് സ്ഥാനപതികാര്യാലയത്തിൽ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. എന്നാൽ, ദേശീയദിനാഘോഷത്തിന് ആശംസ നേർന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശമയച്ചു.

പാകിസ്താനിലെ ആഘോഷച്ചടങ്ങിലും ഇന്ത്യൻ പ്രതിനിധി പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. മുൻ വർഷങ്ങളിൽ, കേന്ദ്രമന്ത്രിയാണ് ഇന്ത്യൻ പ്രതിനിധിയായി ആഘോഷത്തിൽ പങ്കെടുത്തിരുന്നത്.

മോദിയുടെ സന്ദേശം ലഭിച്ചെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾ ഈ മേഖലയിലെ ജനാധിപത്യത്തിനും സമാധാനത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി യോജിച്ചു പ്രവർത്തിക്കണമെന്ന് സന്ദേശത്തിൽ മോദി ആഹ്വാനം ചെയ്തതായി ഇമ്രാൻ അറിയിച്ചു.

ഡൽഹിയിലെ ചടങ്ങിൽ പ്രമുഖ ഹുറിയത്ത് നേതാക്കളെയാരെയും ക്ഷണിച്ചിട്ടില്ലെന്ന് പാകിസ്താൻ അധികൃതർ പറഞ്ഞു. അതിനിടെ, ചടങ്ങിൽനിന്ന് പങ്കെടുത്ത് മടങ്ങുന്നതിനിടെ കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ മുഹമ്മദ് അഹ്‌സാൻ ഉന്റൂവിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

ലഹോർ നയപ്രഖ്യാപനത്തിന്റെ സ്മരണയ്ക്കായാണ് എല്ലാവർഷവും മാർച്ച് 23-ന് പാകിസ്താൻ ദേശീയദിനം ആഘോഷിക്കുന്നത്.

content highlights: Govt boycotts Pak National Day, PM Modi sends greetings to Pakistan