ശ്രീനഗര്‍: വീട്ടില്‍ കക്കൂസില്ലാത്ത അറുനൂറോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലാ ഭരണാധികാരികളാണ് തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം തടയാനുള്ള നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ ശമ്പളം തടയാന്‍ നിശ്ചയിച്ചത്.

ജില്ലയിലെ പാഡാര്‍ ബ്ലോക്കിലെ 616 സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ കക്കൂസില്ലെന്ന് അസിസ്റ്റന്റ് വികസന കമ്മിഷണര്‍ അനില്‍ കുമാര്‍ ചന്ദേല്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് ജില്ലാ വികസന കമ്മിഷണര്‍ അംഗ്രേജ് സിങ് റാണാ ശമ്പളം തടഞ്ഞുവെക്കാന്‍ നിര്‍ദേശിച്ചത്. 'ഇത്‌ലജ്ജാകരമാണ്, സര്‍ക്കാരിനെ മോശമായാണിത് ചിത്രീകരിക്കുന്നത്. ഒരു സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ ഞങ്ങളുടെ സ്വഭാവവും ജീവിതരീതിയും മറ്റുള്ളവര്‍ക്ക് പിന്തുടരാകുന്ന തരത്തില്‍ മാതൃകയാകണം-കമ്മിഷണര്‍ പറഞ്ഞു.

സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴില്‍ ജമ്മുകശ്മീരില്‍ 71.95 ശതമാനം വീടുകളില്‍ ശുചിമുറി നിര്‍മിച്ചിരുന്നു. കിഷ്ത്വര്‍ ജില്ലയില്‍ 57.23 ശതമാനം വീടുകളിലാണ് കക്കൂസ് നിര്‍മാണം പൂര്‍ത്തിയായത്.