ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ നികുതിവർധനയിലൂടെ സർക്കാരിന്റെ വരുമാനത്തിൽ വൻവർധന.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ കഴിഞ്ഞ സാമ്പത്തികവർഷമെത്തിയത് 6,71,461 കോടി രൂപ. 2020-21 വർഷം കേന്ദ്രത്തിന് 4,53,812 കോടിയും സംസ്ഥാന സർക്കാരുകൾക്ക് 2,17,650 കോടിയും വരുമാനം ലഭിച്ചു. 2019-20 കാലത്ത് ഇത് യഥാക്രമം 3,34,315 കോടി, 2,21,056 കോടി എന്നിങ്ങനെയായിരുന്നു. രാജ്യസഭയിൽ ലോക്‌താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി രമേശ്വർ തേലി രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭവും മുൻ വർഷത്തെക്കാൾ എട്ടിരട്ടിയോളം കൂടി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (21,836 കോടി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (19,042 കോടി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (10,664 കോടി) എന്നിവമാത്രം ചേർന്ന് നേടിയ അറ്റാദായം 51,542 കോടി രൂപ. 2019-20 വർഷം മൂന്നുകമ്പനികളും ചേർന്ന് നേടിയത് 6633 കോടി രൂപയായിരുന്നു. 2018-19 കാലത്ത് അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 69.88 ഡോളർ എന്നത്‌ ഏതാണ്ട് അതേനിലയിൽ (68.78 ഡോളർ) നിൽക്കുമ്പോഴാണ് ഈ വരുമാന വ്യത്യാസം. നികുതിയിലെ വർധനയാണ്‌ ഇതിനുകാരണമെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

2018-19 കാലത്ത് ഡൽഹിയിൽ പെട്രോളിന് 75.37 രൂപ, ഡീസലിന് 68.22 രൂപ, വീട്ടാവശ്യങ്ങൾക്കുള്ള പാചകവാതകസിലിൻഡറിന് 768.12 രൂപ എന്നിങ്ങനെയാണ് വിലയെങ്കിൽ ഇപ്പോഴത് യഥാക്രമം 94.53 രൂപ, 84.79 രൂപ, 821.75 രൂപ എന്നിങ്ങനെ (ജൂലായ് 21 വരെ) ആണെന്ന് മന്ത്രി മറുപടിയിൽ അറിയിച്ചു.

അസംസ്കൃത എണ്ണയുടെ ശരാശരിവില ഏപ്രിൽ 2020 മുതൽ ജൂലായ്‌ 2021 വരെ ക്രമാനുഗതമായി വർധിച്ചതായും മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. 2020 ഏപ്രിലിൽ വീപ്പയ്ക്ക് 19.90 ഡോളർ ആയിരുന്നത് 2021 ജനുവരിയിൽ 54.79-ഉം ജൂലായിൽ 73.68-ഉം ആയതായി മന്ത്രി അറിയിച്ചു.