ന്യൂഡൽഹി: ഇന്ത്യയിലേക്കു നിക്ഷേപം ആകർഷിക്കാനും ബിസിനസ് എളുപ്പമാക്കാനും ലക്ഷ്യമിട്ട് 60 പുതിയ ആശയങ്ങളുമായി കേന്ദ്രസർക്കാർ. ജനന സർട്ടിഫിക്കറ്റിനെ പൗരത്വവുമായി ബന്ധിപ്പിക്കുന്നതു മുതൽ വിവിധ പാരിസ്ഥിതിക നിയമങ്ങളെ ഒരുകുടക്കീഴിലാക്കുന്നതുവരെയുള്ള ആശയങ്ങളിൽ കർമപദ്ധതി തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി സെപ്റ്റംബർ 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിന്റെ തുടർനടപടിയെന്നോണമാണ് അറുപതിന ആശയങ്ങൾ തയ്യാറാക്കിയത്. വിയറ്റ്‌നാം, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യയിൽ ബിസിനസ് തുടങ്ങുന്നതിന് ചെലവും നടപടിക്രമങ്ങളും കൂടുതലാണെന്ന് പറയുന്നു. ഈ സാഹചര്യത്തിലാണ് ചുവപ്പുനാടകൾ കുറച്ച് കാര്യങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിടുന്നത്.

നിലവിലെ വിവിധ പാരിസ്ഥിതിക നിയമങ്ങൾക്കു പകരം ഒറ്റ പാരിസ്ഥിതിക മാനേജ്‌മെന്റ് നിയമം, കടൽത്തീരവും മണൽഖനനവും സ്വകാര്യമേഖലയ്ക്കു നൽകൽ, പാവപ്പെട്ട കുട്ടികൾക്ക് ഉപകാരപ്രദമാകുംവിധം ചെലവുകുറഞ്ഞ ടാബ്‌ലെറ്റ് നിർമിക്കൽ, ഭൂരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കൽ, സർക്കാരിന്റെ കൈവശമുള്ള വിവരങ്ങൾ എല്ലാ മന്ത്രാലയങ്ങൾക്കും ലഭ്യമാക്കൽ തുടങ്ങിയ ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ചെലവുകുറഞ്ഞ ലാപ്‌ടോപ്പും ടാബ്‌ലെറ്റും നിർമിക്കുന്ന ദൗത്യം ഇലക്‌ട്രോണിക്‌സ് ഐ.ടി. മന്ത്രാലയത്തിനാണ്.

ഇന്ത്യയിൽ ബിസിനസ് കൂടുതൽ എളുപ്പമാക്കാനും ചില അനുമതികൾ ഒഴിവാക്കാനും സാധിക്കുമോയെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് പരിശോധിക്കും. വിവിധ സംവിധാനങ്ങളിൽ നിന്നുള്ള അനുമതികൾ ഏകജാലകത്തിലൂടെ ലഭ്യമാക്കാനുള്ള സാങ്കേതികവിദ്യ തയ്യാറാക്കാൻ സാങ്കേതിക വികസനം സംബന്ധിച്ച ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി.

പാരിസ്ഥിതിക മേഖലയിലെ വിവിധ നിയമങ്ങളിൽ ഇരട്ടിപ്പൊഴിവാക്കാൻ സമഗ്രമായ ഏക നിയമനിർമാണത്തിന്റെ സാധ്യത പരിശോധിക്കും. ചില സംസ്ഥാനങ്ങളിൽ വനംവകുപ്പിന്റെ അനുമതിയും ഭൂമിയേറ്റെടുക്കലും പ്രയാസമാണെന്നതിനാൽ നീതി ആയോഗ്, പരിസ്ഥിതി മന്ത്രാലയം, ഭൂപരിഷ്‌കരണ വകുപ്പ് എന്നിവയോട് സംയുക്തമായി ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടു.

അഞ്ചുവർഷംകൊണ്ട് ദാരിദ്രനിർമാർജനത്തിനുള്ള പദ്ധതി തയ്യാറാക്കാനും നീതി ആയോഗിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിർമാണ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് താമസസൗകര്യം ഏർപ്പെടുത്തുക വഴി ചേരി രൂപവത്കരണം ഒഴിവാക്കാൻ നഗരവികസന മന്ത്രാലയത്തിന് നിർദേശം നൽകി.