ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് മാവോവാദികള്‍ക്കുനേരേ വിരല്‍ചൂണ്ടുന്നത് അന്വേഷണം വഴിതിരിച്ചുവിടാനെന്ന് ആരോപണം.

മാവോവാദി സംഘത്തില്‍നിന്ന് വഴിപിരിഞ്ഞ് മുഖ്യധാരയിലെത്തിയവരാണ് ഇങ്ങനെ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ആരോപിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗരിയുടെ സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയിലും ഇവര്‍ക്ക് ആശങ്കയുണ്ട്.

മാവോവാദികളെ മുഖ്യധാരയിലെത്തിക്കുന്നതില്‍ പങ്കുവഹിച്ച ഗൗരി ലങ്കേഷിന് ഒരു വിഭാഗത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞിരുന്നു. കൊലപാതകത്തിനുപിന്നില്‍ മാവോവാദികളാണെന്നതരത്തില്‍ ഇംഗ്ലീഷ് ചാനലില്‍ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്.

ആക്രമണത്തില്‍ സംശയത്തിന്റെ നിഴലിലായ തീവ്രഹിന്ദുസംഘടനകളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനുപിന്നിലെന്ന് മാവോവാദികളില്‍നിന്നും മുഖ്യധാരയിലെത്തിയ ശ്രീധര്‍ പറഞ്ഞു. ആശയവൈരുധ്യത്തിന്റെ പേരില്‍ നക്‌സല്‍പ്രസ്ഥാനം ആരെയും കൊലപ്പെടുത്താറില്ല. മാവോവാദി ഗ്രൂപ്പുകളിലുണ്ടായ ഭിന്നതയാണ് കൊലപാതകത്തിന് കാരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണ് -അദ്ദേഹം പറഞ്ഞു.

തനിക്കൊപ്പം എസ്. നാഗരാജ്, പത്മനാഭ നിലുഗുലി, റിസ്വാന്‍ ബീഗം, പരശുരാം, ഭാരതി ചിന്നമ്മ, കന്യാകുമാരി എന്നിവര്‍ 2014-ലാണ് മാവോവാദി ഗ്രൂപ്പുവിട്ട് മുഖ്യധാരയിലേക്കെത്തിയത്. പ്രതിഷേധം ജനാധിപത്യമാര്‍ഗത്തില്‍ വേണമെന്ന് ബോധ്യപ്പെടുത്താന്‍ ഗൗരി ലങ്കേഷ് അടങ്ങിയ സമിതിക്ക് കഴിഞ്ഞതായും ശ്രീധര്‍ പറഞ്ഞു.

കൊലപാതകത്തിനുപിന്നില്‍ മാവോവാദികള്‍ക്ക് പങ്കില്ലെന്നും അവര്‍ക്ക് മാഫിയകളെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മുഖ്യധാരയിലെത്തിയ എസ്. നാഗരാജ് പറഞ്ഞു. മാവോവാദിസംഘത്തില്‍നിന്ന് വേര്‍പിരിഞ്ഞത് സ്വന്തം ഇഷ്ടമനുസരിച്ചാണ്. അതിന് ഗൗരി ലങ്കേഷിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. മാവോവാദിസംഘം വിട്ടശേഷമാണ് ഗൗരി ലങ്കേഷ് അംഗമായ സമിതിയെ സമീപിച്ചത് -അദ്ദേഹം പറഞ്ഞു.