ന്യൂഡൽഹി: രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമായ സൗജന്യ വൈഫൈ സംവിധാനം സാവധാനം നിർത്തുകയാണെന്ന് ഗൂഗിൾ. എന്നാൽ, ഇന്ത്യൻ റെയിൽവേയുമായും റെയിൽടെൽ കോർപ്പറേഷനുമായുള്ള സഹകരണം തുടരും.

എന്നാൽ, ഗൂഗിൾ പിൻവാങ്ങിയാലും നിലവിൽ തങ്ങളുടെ കീഴിലുള്ള 5600 സ്റ്റേഷനുകളിലെ വൈഫൈ സംവിധാനം തുടർന്നും പ്രവർത്തിക്കുമെന്ന് റെയിൽടെൽ വ്യക്തമാക്കി. ബാക്കിയുള്ള സ്റ്റേഷനുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.

2020-നുള്ളിൽ രാജ്യത്തെ തിരക്കുള്ള 400 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യമായി വൈഫൈ നൽകുയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി 2015-ലാണ് ഗൂഗിൾ ആരംഭിച്ചത്. 2018-ൽത്തന്നെ ഈ ലക്ഷ്യം കൈവരിച്ചതായും രാജ്യത്തെ ആയിരക്കണക്കിന് സ്റ്റേഷനുകളിലേക്ക് സൗകര്യം വ്യാപിപ്പിക്കാൻ കഴിഞ്ഞതായും ഗൂഗിൾ വക്താവ് പറഞ്ഞു.

രാജ്യത്തെ മൊബൈൽ ഡേറ്റ വളരെയധികം ചെലവുകുറഞ്ഞ സാഹചര്യത്തിലാണ് പദ്ധതി നിർത്തുന്നത്. ആഗോളതലത്തിൽ ഏറ്റവും ചുരുങ്ങിയ ചെലവിൽ മൊബൈൽ ഡേറ്റ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. 2019-ലെ ട്രായ് റിപ്പോർട്ടനുസരിച്ച് അഞ്ചുവർഷത്തിനിടെ ഡേറ്റനിരക്ക് 95 ശതമാനത്തോളം കുറഞ്ഞു. കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സൗകര്യം നിർത്തുന്നതെന്ന് സെൻഗുപ്ത വ്യക്തമാക്കി.

ആഗോള നെറ്റ്‌വർക്കിങ് ഭീമനായ സിസ്കോയുമായിച്ചേർന്നാണ് അതിവേഗ, സൗജന്യ വൈഫൈ സംവിധാനം ഗൂഗിൾ ഇന്ത്യയിലാരംഭിച്ചത്. ഈ സംവിധാനം മറ്റു വികസ്വരരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

Content Highlights: Google stops free WiFi at railway stations