ന്യൂഡൽഹി: ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ രാജ്യത്തെ പുതിയ ഐ.ടി.ചട്ടമനുസരിച്ചുള്ള ആദ്യത്തെ ‘നടപ്പാക്കൽ റിപ്പോർട്ട്’(കംപ്ലയൻസ് റിപ്പോർട്ട്) കേന്ദ്രത്തിന് സമർപ്പിച്ചു. ചട്ടപ്രകാരം കുറ്റകരമായ പോസ്റ്റുകൾ നീക്കിയതിന്റെ റിപ്പോർട്ടാണ് നൽകിയത്. സുതാര്യത കൊണ്ടുവരുന്നതിൽ വലിയൊരു തുടക്കമാണ് ഇതെന്ന് ഐ.ടി.മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഇന്ത്യൻ കമ്പനിയായ ‘കൂ’ യും ഗൂഗിളുമാണ് നടപ്പാക്കൽ റിപ്പോർട്ട് ആദ്യം കൈമാറിയത്. തൊട്ടടുത്ത ദിവസം െഫയ്‌സ് ബുക്കും ഇൻസ്റ്റഗ്രാമും റിപ്പോർട്ട് നൽകി. പുതിയ ചട്ടമനുസരിച്ച് ഓരോ മാസവും സാമൂഹികമാധ്യമങ്ങൾ റിപ്പോർട്ട് സമർപ്പിക്കണം.

ഐ.ടി. ചട്ടത്തിന്റെ പേരിൽ കേന്ദ്രവും ട്വിറ്ററും തമ്മിലുള്ള പോര് ഇനിയും അവസാനിച്ചിട്ടില്ല. ഇടയ്ക്ക് മന്ത്രി രവിശങ്കർപ്രസാദിന്റെ അക്കൗണ്ടിന് ഏതാനും മണിക്കൂർ ട്വിറ്റർ വിലക്കേർപ്പെടുത്തിയത് വൻവിവാദമായി. ഈ വിഷയത്തിലും ഐ.ടി. റൂൾപ്രകാരം പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാത്തതിനെതിരേയും കേന്ദ്രം ശക്തമായ നിലപാടെടുത്തു. ട്വിറ്ററിനുള്ള പരിരക്ഷ ഇല്ലാതാവുമെന്ന് സർക്കാർ താക്കീതും നൽകി.

മേയ് 15നും ജൂൺ 15നുമിടയിലെ മൂന്നുകോടി പോസ്റ്റുകൾ തങ്ങൾ പരിശോധിച്ചെന്ന് ഫെയ്‌സ്ബുക്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പത്തുവിഭാഗങ്ങളിൽ പറയുന്ന ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നായിരുന്നു പരിശോധന. ഇൻസ്റ്റഗ്രാം 20 ലക്ഷം പോസ്റ്റുകൾ പരിശോധിച്ചു. ഫോട്ടോകൾ, പോസ്റ്റുകൾ, വീഡിയോകൾ, കമന്റുകൾ തുടങ്ങിയവയെല്ലാം ഈ കൂട്ടത്തിലുൾപ്പെടും.

പ്രാദേശികനിയമങ്ങളും വ്യക്തിപരമായ അവകാശലംഘനവും ചൂണ്ടിക്കാട്ടി ഗൂഗിളിനും യുട്യൂബിനും ഏപ്രിലിൽ ലഭിച്ചത് 27,762 പരാതികളാണ്. ഇതേത്തുടർന്ന് 59,350 ഉള്ളടക്കങ്ങൾ അവർ നീക്കം ചെയ്തു.

ഐ.ടി.ചട്ടമനുസരിച്ച് സാമൂഹികമാധ്യമ സ്ഥാപനങ്ങൾ ചീഫ് കംപ്ലയൻസ് ഓഫീസർ, നോഡൽ ഓഫീസർ, പരാതിപരിഹാര ഓഫീസർ എന്നിവരെ നിയമിക്കേണ്ടതുണ്ട്. ഇവർ ഇന്ത്യക്കാരായിരിക്കണം. ഐ.ടി.ചട്ടം പാലിച്ചില്ലെങ്കിൽ സാമൂഹികമാധ്യമങ്ങൾക്ക് ‘ഇടനിലക്കാർ’ എന്ന പദവി നഷ്ടപ്പെടുകയും അതുവഴി മൂന്നാമതൊരു കക്ഷിയുടെ ഡേറ്റ കൈകാര്യംചെയ്യുന്നതിലുള്ള പരിരക്ഷ ഇല്ലാതാവുകയും ചെയ്യും.

content highlights: google, facebook and instagram submits compliance report