ന്യൂഡല്‍ഹി: മരട്‌ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗോൾഡൻ കായലോരത്തിലെ താമസക്കാർ സുപ്രീംകോടതിയിൽ പുതിയ റിട്ട്‌ഹർജി ഫയൽ ചെയ്തു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച വിദഗ്ധസമിതിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ തീരുമാനമെടുക്കാൻ അറ്റോർണി ജനറലിന്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണിത്.

ഫ്ളാറ്റ്‌സമുച്ചയങ്ങൾ ഉടൻ പൊളിക്കുമെന്നതിനാൽ തിരുത്തൽഹർജി ഉടൻ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇവർ ചീഫ് ജസ്റ്റിസിന് ഇ-മെയിലും അയച്ചു. ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് താമസക്കാർ വീണ്ടും രംഗത്തെത്തുന്നത്.

സുപ്രീംകോടതി നിയോഗിച്ച സമിതി നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവുണ്ടായതെന്നാണ് ഗോൾഡൻ കായലോരത്തിലെ താമസക്കാർ പറയുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതിയും അവർ നിയോഗിച്ച മൂന്നംഗ സാങ്കേതികസമിതിയും നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാർ പറഞ്ഞു.

കോടതിയലക്ഷ്യ ഹർജിക്ക് അറ്റോർണി ജനറലിന്റെ അനുമതി വേണം. എന്നാൽ, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‌ നിർദേശം നൽകണമെന്നാണ് അഡ്വ. രഞ്ജിത് മാരാർവഴി നൽകിയ റിട്ട്‌ഹർജിയിലെ ആവശ്യം.

ഗോൾഡൻ കായലോരം അപ്പാർട്ട്‌മെന്റ് നിർമാണത്തിൽ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചിട്ടില്ല. നിർമാണം നിർത്തിവെക്കാൻ ഗോൾഡൻ കായലോരത്തിനു പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോയും ലഭിച്ചിരുന്നില്ല. തീരദേശചട്ടങ്ങൾ നിലവിൽ വരുന്നതിന് ഒരു വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്. ഇക്കാര്യങ്ങളൊന്നും സമിതി കോടതിയെ അറിയിച്ചില്ല -ഹർജിയിൽ പറയുന്നു. മേയ് എട്ടിനാണ് മരടിലെ ഫ്ളാറ്റ്‌സമുച്ചയങ്ങൾ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

content highlights: golden kayaloram flat owners files writ in supreme court