പുണെ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ, കർഫ്യൂ, തിരക്കേറിയ ആശുപത്രികൾ, വിദഗ്ധരായ ഡോക്ടർമാരുടെ അഭാവം തുടങ്ങിയവ കാരണമുള്ള പ്രശ്നങ്ങൾ നവജാത ശിശുക്കൾക്കും അമ്മമാർക്കും ഉണ്ടാവാതിരിക്കാൻവേണ്ടി ഗ്രാമവാസികൾക്കിടയിൽ ഗർഭധാരണം വൈകിപ്പിക്കുന്നതിനു കുടുംബാസൂത്രണ നിർദേശവുമായി ഒരു ഗ്രാമം. അഹമ്മദ്‌നഗർ ജില്ലയിലെ ഗോഡെഗാവ് ഗ്രാമത്തിലാണ് കോവിഡ് വ്യാപനംകാരണം അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാവുന്ന ആരോഗ്യപരമായ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി ഗർഭധാരണം വൈകിപ്പിക്കുന്നതിനു കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ പുതുതായി വിവാഹിതരായ ദമ്പതികളോട് ഗ്രാമപ്പഞ്ചായത്ത് സർപഞ്ച് അഭ്യർഥിച്ചത്.

ഈ ഗ്രാമത്തിൽ പുതുതായി വിവാഹിതരായ നൂറോളം ദമ്പതികളുണ്ട്. അടുത്തിടെ നടന്ന ഒരു യോഗത്തിലാണ് ഗ്രാമ സർപഞ്ച് അശോക് ഭോകരെ ഇവരോട് കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ നിർദേശിച്ചത്. കോവിഡ് നിയന്ത്രണത്തിലാകുന്നതു വരെ അടുത്ത ഒരു വർഷമെങ്കിലും പ്രസവം ഒഴിവാക്കണമെന്ന് പുതുതായി വിവാഹിതരായവരോട് അഭ്യർഥിച്ചിട്ടുണ്ടെന്നു അശോക് ഭോകരെ പറഞ്ഞു.

‘‘ആരോഗ്യമേഖല ഇതിനകംതന്നെ കടുത്ത സമ്മർദത്തിലാണ്. കോവിഡ് കാരണമുണ്ടായ പ്രതിസന്ധികളിലേക്കും അതിനെത്തുടർന്നുണ്ടായ കഠിനമായ സാഹചര്യങ്ങളിലേക്കും അമ്മമാരെയും കുട്ടികളെയും തള്ളിവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.’’- ഭോകരെ പറഞ്ഞു.

അടുത്തിടെ വിവാഹിതരായ ദമ്പതികൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ ഈ ആശയത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും കുടുംബാസൂത്രണം നിർബന്ധമാക്കിയിട്ടില്ലെന്നും മറിച്ച് യുവാക്കളോട് അഭ്യർഥിക്കുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വനിതാ അംഗങ്ങൾ പോലും ഗ്രാമപ്പഞ്ചായത്തിന്റെ നിർദേശത്തോട് യോജിച്ചിട്ടുണ്ടെന്നും ഭോകരെ പറഞ്ഞു.

Content highlights: Godegaon village family planning proposal to delay pregnancy during COVID