മുംബൈ: ഗോവാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിരോധമന്ത്രിപദത്തെയും അവഹേളിച്ചിരിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ വീണ്ടും പ്രതിരോധമന്ത്രിയാവുമെന്ന പ്രസ്താവനക്കെതിരെയാണ് ശിവസേനാ മുഖപത്രമായ 'സാമ്‌ന' മുഖപ്രസംഗമെഴുതിയത്.

ഗോവയിലെ രാഷ്ട്രീയക്കാരനായിരുന്ന പരീക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിരോധമന്ത്രിയാക്കിയത്. ആ പദവിയില്‍ ദയനീയ പരാജയമായിരുന്ന പരീക്കര്‍ പിന്നീട് ഗോവയില്‍ ബി.ജെ.പി.ക്ക് ഭരണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തി. നിയമസഭാംഗമല്ലാത്ത അദ്ദേഹം ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തിരിച്ചുപോയി പ്രതിരോധമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത- 'സാമ്‌ന' മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖ്യമന്ത്രിപദത്തെയും പ്രതിരോധമന്ത്രിപദത്തെയും അവഹേളിക്കുകയാണ് പരീക്കര്‍. അദ്ദേഹത്തിന് ഈ സ്ഥാനങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടിയാണ് അദ്ദേഹം അപമാനിക്കുന്നത്. കളങ്കമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്ന പ്രതിച്ഛായ പരീക്കര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കണമെന്നാണ് ഞങ്ങളുടെ പ്രാര്‍ഥന- മുഖപ്രസംഗത്തില്‍ പറയുന്നു.