പനജി: തെക്കൻ ഗോവയിലെ ശ്രീ മാംഗുയേഷി ക്ഷേത്രത്തിലെ പൂജാരി മാനഭംഗപ്പെടുത്തിയെന്ന്‌ രണ്ടു യുവതികളുടെ ആരോപണം. അമേരിക്കയിൽ മെഡിസിനു പഠിക്കുന്ന വിദ്യാർഥിനിയും മുംബൈയിൽ താമസമാക്കിയ പെൺകുട്ടിയുമാണ് പരാതിക്കാർ. ഇരുവരും ക്ഷേത്രമാനേജ്മെൻറിനു പരാതി നൽകിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ്‌ അധികൃതർ കൈയൊഴിഞ്ഞുവെന്ന് പരാതിക്കാർ ആരോപിച്ചു.

ജൂൺ 14-നാണ് ആദ്യത്തെ സംഭവം. മാതാപിതാക്കളോടൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു പെൺകുട്ടി. അമ്മയോടൊപ്പം പ്രദക്ഷിണംവയ്ക്കുമ്പോൾ പൂജാരി വരികയും അമ്മയോടു നടക്കാൻ നിർദേശിക്കുകയും തന്നെ മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു.

ജൂൺ 22-നാണ് രണ്ടാമത്തെ സംഭവം. മാതാപിതാക്കൾ ശ്രീകോവിലിനുമുന്നിൽ പൂജചെയ്യുമ്പോൾ പുറത്തുനിന്ന പെൺകുട്ടിയെ പൂജാരി ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു. കൂടാതെ പ്രദക്ഷിണസമയം, മറ്റൊരു സ്ഥലത്തേക്ക്‌ ഒറ്റയ്ക്കു വിളിച്ചുവരുത്തുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നെന്ന് രണ്ടാമത്തെ പെൺകുട്ടി ക്ഷേത്രകമ്മിറ്റിക്കു നൽകിയ പരാതിയിൽ പറയുന്നു.

രണ്ടാമത്തെ പരാതി കിട്ടിയപ്പോൾ അടിയന്തരയോഗം വിളിക്കുകയും പൂജാരിയുടെ മൊഴിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തതായി ക്ഷേത്രം മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പറഞ്ഞു. എന്നാൽ, രണ്ടു കേസുകളിലും പ്രഥമദൃഷ്ട്യാ വിശ്വസനീയമായ തെളിവു ലഭിച്ചില്ലെന്നും ഉചിതമായ അധികൃതർക്ക്‌ പരാതി കൈമാറാൻ ഇ-െമയിൽ വഴി നിർദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ക്ഷേത്രപരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനമത്തിൽ അന്വേഷണം നടത്തണമെന്ന്‌ പെൺകുട്ടികൾ ആവശ്യപ്പെട്ടു.