ബെംഗളൂരു: മഹദായി നദീജലത്തര്‍ക്കത്തില്‍ സാക്ഷികളെ പണംനല്‍കി സ്വാധീനിക്കാന്‍ കര്‍ണാടകം ശ്രമിക്കുന്നുവെന്ന് ഗോവ ജലവിഭവമന്ത്രി വിനോദ് പലേക്കര്‍ ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആരോപണമുന്നയിച്ചത്.

കോടതിയില്‍ കര്‍ണാടകത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് ദിവസം 50,000 രൂപയാണ് നല്‍കുന്നതെന്നും തങ്ങള്‍ സാക്ഷികള്‍ക്ക് പണം നല്‍കാറില്ലെന്നും വിനോദ് പലേക്കര്‍ പറഞ്ഞു. കലസ-ബന്ദൂരി പദ്ധതിയുടെ ഭാഗമായുള്ള കനാല്‍നിര്‍മാണത്തില്‍ സുപ്രീംകോടതിയുത്തരവ് കര്‍ണാടകം ലംഘിച്ചിരിക്കുകയാണെന്നും ഗോവയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹദായി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകം നുണപറയുന്നത് ശീലമാക്കിയിരിക്കുകയാണ്.

കര്‍ണാടകത്തിലുള്ളവര്‍ 'ഹറാമി'കളാണെന്ന പരാമര്‍ശം വിവാദമായതിനുപിന്നാലെയാണ് വീണ്ടും മന്ത്രിയുടെ പരാമര്‍ശം.

മഹദായി നദീജലത്തര്‍ക്കത്തില്‍ ഗോവ ജലവിഭവമന്ത്രിയുടെ പരാമര്‍ശത്തില്‍ ബി.ജെ.പി.യടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബെലഗാവിയിലെ കനകുമ്പിയില്‍ കര്‍ണാടകം കനാല്‍നിര്‍മിക്കുന്നുവെന്നാരോപിച്ചാണ് ഗോവ രംഗത്തെത്തിയത്. കനാല്‍നിര്‍മാണത്തിനെതിരേ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ഗോവയില്‍നിന്ന് ബെലഗാവിയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

മഹദായി നദീജലത്തര്‍ക്കത്തില്‍ ബി.ജെ.പി.യെ കുറ്റപ്പെടുത്തി കര്‍ണാടക മന്ത്രി രാമലിംഗറെഡ്ഡി വീണ്ടും രംഗത്തെത്തി. ബി.ജെ.പി. നാടകം കളിക്കുകയാണെന്നും നാടകക്കമ്പനിക്ക് നേതൃത്വം നല്‍കുന്നത് ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി.
 
ഗോവ മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല -സിദ്ധരാമയ്യ

മന്ത്രിപദവിക്ക് യോജിച്ച നടപടിയില്ല ഗോവ മന്ത്രി വിനോദ് പലേക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും തത്സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഗോവ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഗോവ മന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് ബി.എസ്. യെദ്യൂരപ്പയും ആവശ്യപ്പെട്ടു. പരാമര്‍ശത്തിനെതിരേ കന്നഡസംഘടനകളും രംഗത്തെത്തി.