പനജി: പട്ടിയിറച്ചിയുമായി രണ്ടുപേരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മിസോറം സ്വദേശികളായ ജെറിലാല്‍സുവ (25), ലാല്‍നിനിയ പാസ്വാന (26) എന്നിവരാണ് പോലീസ് പിടിയിലായത്. കളങ്കൂത്തിലെ ഒരു ഹോട്ടലില്‍ ഇവര്‍ പട്ടിയിറച്ചി വില്‍ക്കുകയായിരുന്നു.

രണ്ടുദിവസം മുന്‍പ് മാനുവല്‍ പെറയിറ എന്ന ആള്‍ അവരുടെ പട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടത്തുന്നതിനിടയില്‍ കളങ്കൂത്തിലെ ഒരു ഹോട്ടലില്‍നിന്ന് പട്ടിയിറച്ചി വില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ പറ്റി അന്വേഷിച്ച് ഹോട്ടലില്‍ ചെന്നപ്പോള്‍ പട്ടിയിറച്ചി വില്‍ക്കുന്ന രണ്ടുപേരെയും കണ്ടെത്തി. കാണാതായ പട്ടിയെ മോഷ്ടിച്ചത് തങ്ങള്‍ തന്നെ എന്ന് ഇവര്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.