പനജി: ഗോവയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കാവ്‌ലേകറിന്റെ പേരില്‍ ഗോവയിലെ അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) കേസെടുത്തു. വരുമാനത്തിലുമധികം സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. കേരളത്തില്‍ 32.5 കോടിയുടെ തോട്ടം കാവ്‌ലേകറിന്റെ പേരിലുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

2012-ല്‍ ആരംഭിച്ച അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് കാവ്‌ലേകറിന്റെയും ഭാര്യ സാവിത്രിയുടെയും പേരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പ്രതിപക്ഷത്തിന്റെ ആത്മവീര്യം കെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് കേസെന്ന് കാവ്‌ലേകര്‍ ആരോപിച്ചു.

കുപ്പം മണ്ഡലത്തിലെ എം.എല്‍.എ.യാണ് കാവ്‌ലേകര്‍. എം.എല്‍.എയുടെ വീട്ടിലും മഡ്ഗാവിലുള്ള ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. കാവ്‌ലേകറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് എ.സി.ബി. ഉദ്യോഗസ്ഥര്‍ സൂചനനല്‍കി. അഞ്ചു കോടിയോളം വരുന്ന അധികവരുമാനത്തെക്കുറിച്ച് കാവ്‌ലേകര്‍ തൃപ്തികരമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ലെന്ന് എ.സി.ബി. പോലീസ് സൂപ്രണ്ട് ബോസ്‌കോ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കണക്കില്‍പ്പെടാത്ത അഞ്ചരക്കോടി രൂപ കൂടാതെ 4.78 കോടി രൂപ മൂല്യംവരുന്ന സ്വത്തുക്കളും കണ്ടെത്തിയിട്ടുണ്ട്. കമ്പനികളുടെ ഡയറക്ടറെന്നനിലയ്ക്ക് കാവ്‌ലേകറിന്റെ ഭാര്യ സാവിത്രിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് എസ്.പി. പറഞ്ഞു.

2005 മുതല്‍ 2012 വരെ ഗോവ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു കാവ്‌ലേകര്‍. ഈ സമയത്ത് സമ്പാദിച്ച സ്വത്തുക്കളും അന്വേഷണപരിധിയില്‍പ്പെടും. ജനപ്രതിനിധി എന്നനിലയ്ക്ക് ലോകായുക്തയുടെ മുമ്പില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഇരുവരുടെയും പേരില്‍ ഓരോ കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. സ്വത്തുക്കളില്‍ ചിലത് കേരളത്തിലാണെന്നും മലയാളത്തിലുള്ള ഇവയുടെ രേഖകള്‍ വിവര്‍ത്തനം ചെയ്യാന്‍ സമയമെടുത്തതിനാലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ സമയമെടുത്തതെന്നും എസ്.പി. പറഞ്ഞു.

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് പി.സി.സി. പ്രസിഡന്റ് ശാന്താറാം നായിക് ആരോപിച്ചു.