പനജി: സുപ്രീംകോടതിയുടെ വിധിയോടെ ഏപ്രില്‍ ഒന്നുമുതല്‍ ഗോവയില്‍ പൂട്ടിയ ബാറുകളില്‍ 1200 എണ്ണത്തിന് ശാപമോക്ഷം ലഭിക്കുന്നു. മുനിസിപ്പല്‍ പ്രദേശങ്ങളിലെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന സുപ്രീം കോടതിയുടെ ഇളവിന്‍മേലാണ് ഇപ്പോള്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് 1200 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കാന്‍ തീരുമാനിച്ചത്.

ഗോവയില്‍ പതിനൊന്നായിരത്തിലധികം ബാറുകളാണുണ്ടായിരുന്നത്. ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന വിധി വന്നതോടെ 3200-ഓളം ബാറുകള്‍ പൂട്ടി. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ പല റോഡുകളും ജില്ലാ റോഡുകളായി പുനര്‍നാമകരണം ചെയ്തു. ഇതോടെ 1500-ഓളം ബാറുകള്‍ക്ക് ഇളവ് ലഭിച്ചു. ഇപ്പോള്‍ 1200 എണ്ണം കൂടി തുറക്കാന്‍ നടപടിയായി.

ദേശീയപാതയോരത്തെ ബാറുകള്‍ നിരോധിക്കുന്നതിലൂടെ അഞ്ഞൂറോളം ബാറുകള്‍ മാത്രമേ ഗോവയില്‍ അടയ്‌ക്കേണ്ടതുള്ളൂവെന്ന് ഇതോടെ വ്യക്തമായി.