കാഠ്മണ്ഡു: ഇരുപത്തിയൊന്നാം നൂറ്റാണ്ടവസാനിക്കുംമുന്പ് ആഗോളതാപനം കാരണം ഹിന്ദുക്കുഷ്-ഹിമാലയന്‍ മേഖലയിലെ 33 ശതമാനം മഞ്ഞ് ഉരുകിത്തീരുമെന്ന് പഠനം. ഏഷ്യയുടെ സുസ്ഥിരവികസനത്തിനായുള്ള വഴികള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് പുതിയ കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്.

26 രാജ്യങ്ങളില്‍നിന്നായി നാനൂറിലധികം ശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍ മുതല്‍ മ്യാന്‍മാര്‍വരെ പരന്നുകിടക്കുന്ന ഹിന്ദുക്കുഷ്-ഹിമാലയന്‍ മേഖലയിലെ ദുര്‍ബലമായ പരിസ്ഥിതിയെയും പര്‍വതപ്രദേശങ്ങളിലെ ആവാസസാഹചര്യത്തെയും മെച്ചപ്പെടുത്താന്‍ ആവശ്യമായ വഴികളെക്കുറിച്ച് ഇവര്‍ ചര്‍ച്ചചെയ്യും.

ഹിന്ദുക്കുഷ്-ഹിമാലയന്‍ മോണിറ്ററിങ് ആന്‍ഡ് അസസ്‌മെന്റ് പ്രോഗ്രാം (ഹിമാപ്)

ആഗോളതാപനം ഹിന്ദുക്കുഷ്-ഹിമാലയന്‍ മലനിരകളെ എങ്ങനെ ബാധിക്കുന്നെന്ന് പരിശോധിക്കുന്ന ഹിന്ദുക്കുഷ്-ഹിമാലയന്‍ മോണിറ്ററിങ് ആന്‍ഡ് അസസ്‌മെന്റ് പ്രോഗ്രാം (ഹിമാപ്) റിപ്പോര്‍ട്ടിലാണ് ആഗോളതാപനത്തെക്കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളുള്ളത്. ഇവരുടെ റിപ്പോര്‍ട്ട് 2018 പകുതിയോടെ പ്രസിദ്ധീകരിക്കും. ആര്‍ട്ടിക് മോണിറ്ററിങ് ആന്‍ഡ് അസസ്‌മെന്റ് പ്രോഗ്രാമിന്റെ (എമാപ്) മാതൃകയിലാണ് ഹിമാപും ആവിഷ്‌കരിച്ചിരിക്കുന്നത്.

ഹിമാപിന് നേതൃത്വംനല്‍കുന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനായ എ. കുല്‍ക്കര്‍ണി ആഗോളതാപനമാണ് ഹിന്ദുക്കുഷ്-ഹിമാലയന്‍ പ്രദേശത്തെ മഞ്ഞുരുകുന്നതിന് പ്രധാനകാരണമെന്ന് ചൂണ്ടിക്കാട്ടി. ഭാവിയില്‍ ശൈത്യകാലത്തെ മഞ്ഞുവീഴ്ച കുറയുകയും പല അരുവികളും വറ്റുകയുംചെയ്യും. താപനില 4-5 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ നൂറ്റാണ്ടവസാനിക്കുംമുമ്പ് മഞ്ഞുപാളികളുടെ 70 ശതമാനവും നഷ്ടമാവുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കുന്നു.

മഞ്ഞുപാളികള്‍ ഉരുകിയാല്‍ പുതിയ തടാകങ്ങളുണ്ടാകും. സിക്കിമില്‍ ഇത് ഇപ്പോള്‍ത്തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവ മിന്നല്‍പ്രളയങ്ങളുണ്ടാകാന്‍ കാരണമാകും. ഈപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നേരിടാന്‍പോകുന്ന പുതിയ ഭീഷണി ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ഈമേഖലയില്‍ മാറാതെ നില്‍ക്കുന്ന മൂടല്‍മഞ്ഞ് വായുമലിനീകരണം കൂട്ടുകയും പ്രദേശത്തെ ദൃശ്യപരത കുറയ്ക്കുകയും ചെയ്യുമെന്നും ഹിമാപില്‍ പറയുന്നുണ്ട്.

നഷ്ടം ആഗോളതലത്തില്‍

10 നദികളാണ് ഹിന്ദുക്കുഷ്-ഹിമാലയം പ്രദേശങ്ങളിലുള്ളത്. ഈ പ്രദേശങ്ങളില്‍ കഴിയുന്ന 21 കോടിയോളം ആളുകള്‍ക്ക് വെള്ളം ലഭിക്കുന്നത് ഈ നദികളില്‍നിന്നാണ്. ഇവിടത്തെ പരിസ്ഥിതിക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഈവിഭാഗങ്ങളെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന മിന്നല്‍പ്രളയങ്ങള്‍, വരള്‍ച്ച, മണ്ണിടിച്ചില്‍ തുടങ്ങിയവ വന്‍ നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്. ലോകത്തെത്തന്നെ ഏറ്റവും വ്യത്യസ്തവും സമ്പന്നവുമായ ആവാസവ്യവസ്ഥകളാലും സംസ്‌കാരങ്ങളാലും ശ്രദ്ധേയമായ മേഖലയാണിത്.

'അന്തരീക്ഷം ചൂടായിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ഉയരുകയാണെങ്കില്‍ ഹിന്ദുക്കുഷ്-ഹിമാലയന്‍ പ്രദേശത്തെ മൂന്നിലൊന്ന് മഞ്ഞ് ഉരുകിത്തീരും.'

- ഡോ. ഫിലിപ്പസ് വെസ്റ്റര്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്‌മെന്റ് (ഐ.സി.ഐ.എം.ഒ.ഡി.), കാഠ്മണ്ഡു