ബെംഗളൂരു: അതിർത്തികളിലെ ചിത്രങ്ങൾ തത്സമയം ലഭിക്കാനും പ്രകൃതിദുരന്തങ്ങൾ ഉടനടി വിലയിരുത്താനും സഹായിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമായ ജി.ഐ. സാറ്റ്-ഒന്ന് വിക്ഷേപണത്തിനൊരുങ്ങി. കാലാവസ്ഥ അനുകൂലമായാൽ 28-ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. 2268 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി.-എഫ് 10 റോക്കറ്റിലാകും വിക്ഷേപിക്കുക.

ഭൂമിയുടെ ചിത്രം വ്യക്തതയോടെ പകർത്താൻ ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ ജിയോ ഇമേജിങ് ഉപഗ്രഹമാണിത്. ഉയർന്ന റെസലൂഷനിലുള്ള ക്യാമറയാണ് ഉപഗ്രഹത്തിലുള്ളത്. ഭൂമിയുടെ ചിത്രങ്ങൾ തുടർച്ചയായി പകർത്താനും അയക്കാനും ഏതെങ്കിലും ഒരുസ്ഥലം കൂടുതൽ സമയം നിരീക്ഷിക്കാനും ഉപഗ്രഹത്തിന് കഴിയും.

കഴിഞ്ഞവർഷം മാർച്ച് അഞ്ചിന് നടത്താൻ തീരുമാനിച്ചിരുന്ന ജി.ഐ. സാറ്റ്-ഒന്നിന്റെ വിക്ഷേപണം സാങ്കേതികത്തകരാറിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തകരാർ പരിഹരിച്ചെന്നും കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാരണമാണ് വിക്ഷേപണം വൈകുന്നതെന്നും അടുത്തിടെ ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. ശിവൻ അറിയിച്ചിരുന്നു.