ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോൺഗ്രസിലെ ഭിന്നിപ്പ് രൂക്ഷമാകുന്നു. പാർട്ടിയെ നേർവഴിയിൽ നയിക്കാൻ ഗുലാം നബി ആസാദും കൂട്ടരും ഉണ്ടാക്കിയ സമ്മർദ ഗ്രൂപ്പും (‘ജി 23’) ഔദ്യോഗിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ മറനീക്കി പുറത്തുവന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച്് ജമ്മുവിൽ കോൺഗ്രസുകാർതന്നെ പ്രതിഷേധിച്ചതും പാർട്ടിയുടെ ലോക്‌സഭയിലെ നേതാവ് അധീർ രഞ്ജൻ ചൗധരിയും രാജ്യസഭയിലെ ഉപനേതാവ് ആനന്ദ് ശർമയും തമ്മിലുള്ള വാക്‌പോരും വിഭാഗീയതയ്ക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്. വരുംനാളുകളിൽ തുറന്നപോര് മുറുകി അതൊരു പിളർപ്പിലേക്കു നീങ്ങിയാലും ആശ്ചര്യപ്പെടാനില്ല.

ബംഗാളിൽ, മതമൗലികവാദിയായ അബ്ബാസ് സിദ്ദിഖി ഈയിടെ ഉണ്ടാക്കിയ ‘ഇന്ത്യൻ സെക്കുലർ ഫ്രണ്ടി’നെ (ഐ.എസ്.എഫ്) കോൺഗ്രസ്-ഇടതുസഖ്യത്തിൽ ചേർത്തതിനെ ആനന്ദ് ശർമ കഴിഞ്ഞദിവസം രൂക്ഷമായി വിമർശിക്കുകയും അതിന് അധീർ രഞ്ജൻ ചൗധരി ശക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ അടിസ്ഥാന ആശയത്തിനു വിരുദ്ധമായ ഈ സഖ്യം പാർട്ടിയുടെ ആത്മാവായ ഗാന്ധിയൻ, നെഹ്‌റൂവിയൻ മതേതരത്വത്തിന് എതിരാണെന്നും പ്രവർത്തക സമിതി അത് അംഗീകരിച്ചിട്ടില്ലെന്നും ശർമ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ സാഹചര്യം മനസ്സിലാക്കാതെയുള്ള ശർമയുടെ വിമർശനം ബി.ജെ.പിയെ സഹായിക്കാനാണെന്നായിരുന്നു ചൗധരിയുടെ മറുപടി. എപ്പോഴും വ്യക്തിപരമായ സുഖത്തിൽ മുഴുകി സുരക്ഷിതസ്ഥാനങ്ങളിൽ ഇരിക്കുന്ന ആദരണീയരായ ചില നേതാക്കൾ പ്രധാനമന്ത്രിക്ക് സ്തുതി പാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു.

ചൗധരിയുടെ പ്രസ്താവനയ്ക്ക് ആനന്ദ് ശർമ ചൊവ്വാഴ്ച മറുപടി നൽകി. അഭിപ്രായവ്യത്യാസമോ പ്രത്യയശാസ്ത്ര ഭിന്നതയോ ഉണ്ടെങ്കിൽപോലും പരിഷ്കൃതമായ ആശയസംവാദത്തിലാണ് താൻ വിശ്വസിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയുടെ നേതൃത്വമില്ലായ്മയെ ചോദ്യം ചെയ്ത് ഗുലാം നബിയും മറ്റ് മുതിർന്ന നേതാക്കളും തുടങ്ങിയ ‘ജി-23 വിഭാഗീയത’ വൈകാതെ കോൺഗ്രസിനെ ‘ആശയപരമായ’ ഭിന്നതയിലേക്ക് തള്ളിവിടാനാണ് സാധ്യത. ആശയപരമായ ഭിന്നതയെക്കുറിച്ച് ആനന്ദ് ശർമ പറഞ്ഞത് ബോധപൂർവമാണ്. ഗുലാം നബി ആസാദിനെ രാജ്യസഭയിൽ വീണ്ടും കൊണ്ടുവരാത്തതും അദ്ദേഹത്തിന്റെ വിടവാങ്ങൽ വേളയിൽ പ്രധാനമന്ത്രി വികാരാധീനനായതും കഴിഞ്ഞയാഴ്ച ജമ്മുവിലെ യോഗത്തിൽ ജി-23 ലെ ഏതാനും നേതാക്കൾ പങ്കെടുത്തതും അവിടെ ഗുലാം നബി, നരേന്ദ്ര മോദിയെ പ്രശംസിച്ചതുമെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്. നേതൃത്വ പ്രതിസന്ധിയും ബംഗാളിലെ രാഷ്ട്രീയസഖ്യവും കരുവാക്കി ഇനി ജി-23 നടത്തുന്ന നീക്കവും ഗുലാം നബിയുടെ കോലം കത്തിച്ച് ഔദ്യോഗിക വിഭാഗം നൽകിയ തിരിച്ചടിയും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.

Content Highlights: Ghulam Nabi Azad Congress