ന്യൂഡൽഹി: സ്ത്രീ-പുരുഷ സമത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യ മുമ്പത്തെക്കാൾ നാലുസ്ഥാനം പുറകിൽപ്പോയി. ലോക സാമ്പത്തിക ഫോറം ഇറക്കിയ സ്ത്രീ-പുരുഷ അസമത്വ റിപ്പോർട്ടിൽ 112 ആണ് ഇന്ത്യയുടെ സ്ഥാനം. സ്ത്രീകളുടെ ആരോഗ്യവും അതിജീവനവും സാമ്പത്തികമേഖലയിലെ പങ്കാളിത്തം എന്നീ വിഭാഗങ്ങളിൽ ഏറ്റവും അവസാനത്തെ അഞ്ചുരാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
അയൽരാജ്യങ്ങളായ ചൈന (106), ശ്രീലങ്ക (102), നേപ്പാൾ (101), ബംഗ്ലാദേശ് എന്നിവ പൊതുവിഭാഗത്തിൽ ഇന്ത്യയെക്കാൾ മുമ്പിലാണ്. യെമെനാണ് (153) ഏറ്റവും അവസാനം. പാകിസ്താൻ 151-ാം സ്ഥാനത്താണ്. ഇറാഖാണ് 152-ാമത്. നോർഡിക് രാജ്യങ്ങളായ ഐസ്‌ലൻഡ്, നോർവേ, ഫിൻലൻഡ്, സ്വീഡൻ എന്നിവയാണ് സ്ത്രീസമത്വപ്പട്ടികയിൽ ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങളിൽ.
ഇപ്പോഴത്തെ തോതിലാണെങ്കിൽ സ്ത്രീ-പുരുഷ അസമത്വം കുറയ്ക്കാൻ 99.5 വർഷമെടുക്കുമെന്ന് ലോക സാമ്പത്തികഫോറം പറഞ്ഞു.
രാഷ്ട്രീയം
രാഷ്ട്രീയരംഗത്ത് സ്ത്രീ-പുരുഷ സമത്വം സാധ്യമാകാൻ 95 വർഷമെടുക്കും. ആഗോളതലത്തിൽ പാർലമെന്റിന്റെ അധോസഭകളിൽ 25.2 ശതമാനമേ സ്ത്രീകളുള്ളൂ. മന്ത്രിപദവിയിൽ 21.2 ശതമാനവും.
സാമ്പത്തികം
സാമ്പത്തിക സമത്വമുണ്ടാകണമെങ്കിൽ 257 വർഷമെടുക്കും. 202 വർഷംകൊണ്ട് ഇതു സാധ്യമാകുമെന്നായിരുന്നു 2018-ലെ വിലയിരുത്തൽ. ക്ലൗഡ് കംപ്യൂട്ടിങ്, എൻജിനിയറിങ്ങും ഡേറ്റയും, നിർമിത ബുദ്ധി തുടങ്ങിയ പുതിയമേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവാണ് ഇതിനുകാരണം.
ഇന്ത്യയും റിപ്പോർട്ടും
2006-ൽ സാമ്പത്തികഫോറം ആദ്യമായി റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ 98-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതിനുശേഷം രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യത്തിൽ 18 സ്ഥാനം മുമ്പിലെത്തിയെങ്കിലും ആരോഗ്യവും അതിജീവനവും (150), സാമ്പത്തികപങ്കാളിത്തവും അവസരവും (149) എന്നിവയിൽ പിന്നാക്കം പോയി. വിദ്യാഭ്യാസത്തിൽ 112-ാം സ്ഥാനത്താണ്.
* സ്ത്രീകൾക്കു സാമ്പത്തികമായി മുന്നേറാനുള്ള അവസരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (35.2 ശതമാനം). പാകിസ്താൻ (32.7), യെമെൻ (27.3), സിറിയ (24.9), ഇറാഖ് (22.7) എന്നിവയാണ് ഇന്ത്യയ്ക്കു കൂട്ട്.
* കമ്പനി ബോർഡുകളിൽ സ്ത്രീപ്രാതിനിധ്യം 13.8 ശതമാനമേയുള്ളൂ. ചൈനയിലാകട്ടെ ഇതിലും മോശമാണ് സ്ഥിതി-9.7 ശതമാനം.
* ആരോഗ്യപരിപാലനത്തിനും അതിജീവനത്തിനും പുരുഷന്മാർക്കു കിട്ടുന്ന അവസരം ഇന്ത്യയിലെ സ്ത്രീകൾക്കു കിട്ടുന്നില്ല. ഇക്കാര്യത്തിൽ ഇന്ത്യ, പാകിസ്താൻ, വിയറ്റ്നാം, ചൈന എന്നിവയുടെ കാര്യം ഒരുപോലെയാണ്.
* ഇന്ത്യയിലെ കുട്ടികളിലെ സ്ത്രീ-പുരുഷാനുപാതവും (100 ആൺകുട്ടികൾക്ക് 91 പെൺകുട്ടികൾ) ദയനീയമാണ്.
* സാമ്പത്തികമേഖലയിലെ അസമത്വം രാഷ്ട്രീയമേഖലയിലേതിനെക്കാൾ പ്രകടമായ ഏകരാജ്യമാണ് ഇന്ത്യ.
* അമ്പതുവർഷത്തിനിടെ ഇന്ത്യയെ സ്ത്രീ നയിച്ചു എന്നതാണ് ഇതിനുകാരണം. ഇന്ന് പാർലമെന്റിൽ സ്ത്രീപ്രാതിനിധ്യം 14.4 ശതമാനമേയുള്ളൂ. മന്ത്രിസഭയിലെ സ്ത്രീപ്രാതിനിധ്യമാകട്ടെ 23 ശതമാനവും.
* വ്യത്യസ്തഘടകങ്ങളെടുത്തു പരിശോധിക്കാതെ മൊത്തത്തിൽ നോക്കുമ്പോൾ ഇക്കാലത്തിനിടെ സ്ത്രീ-പുരുഷ സമത്വത്തിലെ വിടവ് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്.