ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് രണ്ടുവർഷമായിട്ടും രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്. കേസിൽ 16 പേർ അറസ്റ്റിലായെങ്കിലും റിഷികേശ് ദിയോദികർ, വികാസ് പാട്ടീൽ എന്നിവരെയാണ് പിടികൂടാനുള്ളത്. സുജിത് കുമാർ, മനോഹർ എദവെ തുടങ്ങിയ പല പ്രധാന പ്രതികളുടെയും ഉപദേഷ്ടാക്കളായി പ്രവർത്തിച്ചവരാണ് ഇവർ. വികാസ് പാട്ടീൽ കൊല നടത്തിയ സംഘത്തിലുമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ വികാസ് പാട്ടീലും റിഷികേശുംചേർന്ന് ഇവരുടെ സംഘടന പുനഃസ്ഥാപിക്കുമെന്ന് ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം നടത്തിവരികയാണ്. ഗൗരി ലങ്കേഷ് വധത്തിപിന്നിലുള്ളവവർതന്നെയാണ് നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പാൻസാരെ, എം.എം. കലബുർഗി എന്നിവരുടെ വധത്തിനുപിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നാലുപേരുടെയും കൊലപാതകങ്ങൾക്കുപയോഗിച്ച 7.65 എം.എം. തോക്കുകൾ കണ്ടെത്താൻ കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും അന്വേഷണസംഘങ്ങൾക്കും സി.ബി.ഐ.ക്കും സാധിച്ചിട്ടില്ല. മുംബൈയിലെ വസൈ ക്രീക്കിൽ തോക്കുകൾ മറവുചെയ്തതായാണ് വിവരം. 2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീട്ടിൽ വെടിയേറ്റുമരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരിയെ മറഞ്ഞുനിന്ന അക്രമി വെടിവെച്ചുവീഴ്ത്തുകയായിരുന്നു.

Content Highlights: Gauri Lankesh murder case