ബെംഗളൂരു: ഗൗരിലങ്കേഷ് വധക്കേസിലെ നാലുപ്രതികളെ പരപ്പന അഗ്രഹാര ജയിലിൽനിന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റുന്നു. അമോൽ കലെ, പരശുറാം വാഗ്‌മോർ, മനോഹർ എഡ്‌വെ, അമിത് ദിഗ്‌വേക്കർ എന്നിവരെ ഒരേ ജയിലിൽ താമസിപ്പിക്കുന്നത് തെളിവുനശിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ജയിലധികൃതർ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിച്ചു. ഇവർക്ക് ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അമോൽ കലെയെ മൈസൂരു ജയിലിലേക്കും വാഗ്‌മോറെ തുമകൂരുവിലേക്കും എഡ്‌വെയെ ശിവമോഗയിലേക്കും അമിത് ദിഗ്‌വേക്കറെ ബല്ലാരിയിലേക്കും മാറ്റാനാണ് നീക്കം. ഒരേ ജയിലാകുമ്പോൾ തെളിവു നശിപ്പിക്കാനുള്ള ഗൂഡാലോചനയും ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടത്തുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. നാലുപേരുടെയും ജീവന് മറ്റ് തടവുകാരിൽനിന്ന് ഭീഷണിയുണ്ടെന്നും ജയിലുദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രതികളുടെ ജയിൽമാറ്റം കേസിനെ ബാധിക്കില്ലെന്നും വീഡിയോ കോൺഫറൻസിലൂടെ ഇവരെ ചോദ്യംചെയ്യാൻ കഴിയുമെന്നും അന്വേഷണ സംഘവും വ്യക്തമാക്കി. ജയിലിൽ ഇതിനുള്ള സൗകര്യമൊരുക്കും. എം.എം. കൽബുർഗി, നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പാൻസരെ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികൾ അമോൽ കലയെ ചോദ്യം ചെയ്തുവരികയാണ്.

Content Highlights: Gauri Lankesh murder case