ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തുടരുമെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ അറിയിച്ചു. എന്നാൽ, മന്ത്രിസഭ ഉടനെ പുനഃസംഘടിപ്പിക്കും. ഗോവയിൽ ബി.ജെ.പി. നേതാക്കളുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം ഞായറാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരീക്കറെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചതിനുപിന്നാലെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. ഗോവയിലെ ബി.ജെ.പി. സഖ്യകക്ഷികളുമായി ചർച്ച നടത്താനും രാഷ്ട്രീയാന്തരീക്ഷം വിലയിരുത്താനും ബി.ജെ.പി. കേന്ദ്രസംഘത്തെ ഗോവയിലേക്ക് അയക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് ഗവർണറെ കണ്ടിരുന്നു. ഈ സാഹചര്യത്തിൽ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നാണ് വിലയിരുത്തൽ. 40 അംഗ സഭയിൽ പരീക്കറുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാരിന് 23 എം.എൽ.എ.മാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പി.ക്ക് 14-ഉം കോൺഗ്രസിന് 16-ഉം സീറ്റാണുള്ളത്.