ന്യൂഡൽഹി: രാജ്യത്ത് ഭരണനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ മഹാത്മാ ഗാന്ധിയെക്കുറിച്ചു പഠിപ്പിക്കാൻ കേന്ദ്രസർക്കാർ ഓൺലൈൻ കോഴ്സ് ആരംഭിച്ചു. ‘സമകാലിക ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി’ എന്ന വിഷയത്തിലാണ് കോഴ്സ്.

നൈതികത, ധാർമികത, അഹിംസ, സമാധാനപ്രസ്ഥാനം, സത്യാഗ്രഹം, സ്വരാജ്, സ്വദേശി, സ്ത്രീശാക്തീകരണം, പരിസ്ഥിതി പ്രസ്ഥാനം തുടങ്ങിയവയാണ് പാഠ്യവിഷയങ്ങൾ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്പോൾ ഉദ്യോഗസ്ഥർ മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചും അനുദിന ഭരണകാര്യങ്ങളിൽ അതിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ചും ബോധമുള്ളവരാകുമെന്ന് പഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

സെന്റർ ഫോർ ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, രാജ്ഘട്ടിലെ ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി എന്നിവയുമായി ചർച്ച ചെയ്താണ് ഓൺലൈൻ പാഠ്യപദ്ധതി തയ്യാറാക്കിയത്.

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.ഒ.എസ്. ഉദ്യോഗസ്ഥർ, കേന്ദ്രസർവീസിലെ ഗ്രൂപ്പ് എ ലെവൽ ഉദ്യോഗസ്ഥർ, സംസ്ഥാന ഭരണവിഭാഗത്തിലും സിവിൽ സർവീസിലുമുള്ളവർ തുടങ്ങിയവരാണ് കോഴ്സിനു ചേരാൻ യോഗ്യതയുള്ളവർ. സംസ്ഥാന സിവിൽ സർവീസുകളിലുള്ള ഗ്രേഡ് ബി, സി, ഉദ്യോഗസ്ഥർക്കും പഠിക്കാം.

content highlights: Gandhiji, online course