ചെന്നൈ: മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി മധുരയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മഹാത്മാഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾ തുണികൊണ്ടു മൂടിക്കെട്ടി. മധുര യാനിക്കലിലെ ഗാന്ധി പ്രതിമ ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. ഗാന്ധിജി അഞ്ചുതവണ മധുര സന്ദർശിച്ചിരുന്നു. 1934-ലെ സന്ദർശന വേളയിൽ മധുരമീനാക്ഷി ക്ഷേത്രത്തിലെത്തി.

ദളിതർക്കു പ്രവേശനം അനുവദിക്കുന്നില്ലെന്നറിഞ്ഞതോടെ ഗാന്ധിജി ക്ഷേത്രവളപ്പിനു പുറത്തുനിന്നു. ദളിതർക്കു ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച ശേഷം 1946-ൽ ഗാന്ധിജി മധുര മീനാക്ഷിക്ഷേത്രത്തിനകത്തു കയറി. മീനാക്ഷി കോളേജ് പരിസരത്തുള്ള ‘ശിവഗംഗ കൊട്ടാരത്തിൽ’ അദ്ദേഹം താമസിച്ചിരുന്നു. ഇതിനുസമീപം സ്ഥാപിച്ച പ്രതിമയാണ് തുണിയിട്ട് മൂടിയത്. ഉദ്യോഗസ്ഥർ മൂടിവെച്ച സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയിൽ നിന്ന് ജനങ്ങൾ തുണി നീക്കംചെയ്തു.

ഗാന്ധിപ്രതിമ മൂടിവെയ്ക്കാനുള്ള അവകാശം ഉദ്യോഗസ്ഥർക്കില്ലെന്ന് ഗാന്ധി മ്യൂസിയം ഡയറക്ടർ കെ.ആർ. നന്ദറാവു പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമാണ് രാഷ്ട്രപിതാവ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ പെരിയാർ ഇ.വി. രാമസാമിയുടെ പ്രതിമ മൂടിയപ്പോൾ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രതിമകൾ മറച്ചാൽ മതിയെന്നു തിരഞ്ഞെടുപ്പുകമ്മിഷൻ വ്യക്തമാക്കിയിരുന്നു. പെരുമാറ്റച്ചട്ടത്തിൽ വ്യക്തതയില്ലാത്തതാണ് ഗാന്ധിജിയുടെയും സുഭാഷ് ചന്ദ്ര ബോസിന്റെയും പ്രതിമകൾ മൂടാൻ കാരണമായതെന്ന്‌ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.