ന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചതോടെ ഭാവി അനിശ്ചിതത്തിലായി ഇന്ത്യയിൽ പരിശീലനം നടത്തുന്ന അഫ്ഗാൻ സൈനികർ. നിലവിൽ അഫ്ഗാനിസ്താനിൽ നിന്നുള്ള 130 സൈനികർക്കാണ് രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നത്. ഇനി എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണിവർ.

ഇവരിൽ ഭൂരിഭാഗവും ദെഹ്റാദൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമി എന്നിവയിലാണ് പരിശീലനം നടത്തുന്നത്.

ഇവർക്കിനി അഫ്ഗാനിസ്താനിലേക്കു മടങ്ങാനാവുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. സൈനികരുടെ ഭാവി സംബന്ധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

2001-നുശേഷമാണ് അഫ്ഗാൻ നവീകരണ പദ്ധതിയുടെ ഭാഗമായി അവിടത്തെ സൈനികർക്ക് ഇന്ത്യയിൽ പരിശീലനവും മറ്റു സൗകര്യങ്ങളും നൽകിവരുന്നത്. ഇതു കൂടാതെ ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, മ്യാൻമാർ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നുള്ള സൈനികർക്കും പരിശീലനം നൽകുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ പേരെത്തുന്നത് അഫ്ഗാനിസ്താനിൽനിന്നാണ്.