ന്യൂഡൽഹി: ഫ്രാൻസിൽനിന്ന്‌ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾകൂടി ബുധനാഴ്ച ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഇസ്‌ട്രെസ് വിമാനത്താവളത്തിൽനിന്ന്‌ 8000 കിലോമീറ്റർ താണ്ടിയാണ് ഏഴാമത്തെ ബാച്ചിൽ ഉൾപ്പെട്ട മൂന്നുവിമാനങ്ങൾ എത്തിയത്. വ്യോമസേന ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യാത്രാമധ്യേ വിമാനങ്ങൾക്ക് നിർത്താതെത്തന്നെ ഇന്ധനം നിറയ്ക്കാൻ യു.എ.ഇ. വ്യോമസേന സഹായംനൽകി. പുതിയ വിമാനങ്ങൾ വ്യോമസേനയുടെ രണ്ടാം സ്ക്വാഡ്രന്റെ ഭാഗമാകും. പശ്ചിമബംഗാളിലെ ഹാസിയാരാ വിമാനത്താവളത്തിലാണ് സ്ക്വാഡ്രൻ പ്രവർത്തിക്കുന്നത്. ഇതോടെ വ്യോമസേനയുടെ ഭാഗമായ റഫാൽ വിമാനങ്ങളുടെ എണ്ണം 24 ആയി.

അടുത്ത മാസങ്ങളിൽ കൂടുതൽ റഫാൽവിമാനങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാണയിലെ അംബാലാ വ്യോമതാവളത്തിൽ പ്രവർത്തിക്കുന്ന ഒന്നാംസ്ക്വാഡ്രനിൽ 18 റഫാൽ വിമാനങ്ങളാണുള്ളത്. 2016-ൽ ഫ്രാൻസുമായുണ്ടാക്കിയ കരാർപ്രകാരം 58,000 കോടിരൂപയ്ക്ക് 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്.